മാസം ഒന്നുകഴിഞ്ഞിട്ടും സർക്കാർ മെെൻഡ് ചെയ്യുന്നില്ല: സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരമിരിക്കാന്‍ മുന്‍നിര നേതാക്കളെ കിട്ടാത്തത് തിരിച്ചടിയായെന്നു ബിജെപി വിലയിരുത്തൽ

single-img
11 January 2019

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ച സമരം ഫലം കാണുന്നില്ലെന്ന് ബി ജെ പി  വിലയിരുത്തല്‍. ശോഭാ സുരേന്ദനു ശേഷം മുന്‍നിര നേതാക്കളെ നിരാഹാരമിരിക്കാന്‍ കിട്ടാത്തത് തിരിച്ചടിയായതായും പാർട്ടി വിലയിരുത്തിയിട്ടുണ്ട്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുമായി ബിജെപി സമരം തുടങ്ങിയത് കഴിഞ്ഞമാസം  3നാണ്.

ജനറല്‍ സെക്രട്ടറിമാരായ എ എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍,  ദേശീയ കൗണ്‍സില്‍ അംഗം സി. കെ പദ്മനാഭന്‍ എന്നിവര്‍ക്ക് പിന്നാലെ മുന്‍ നിര നേതാക്കന്മാരെ കിട്ടാത്ത  സ്ഥിതിയായി. ഇതേതുടര്‍ന്നാണ് എന്‍.ശിവ രാജനും, പി എം വേലായുധനും നിരാഹാരം കിടന്നത്. മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി ടി രമയാണ് ഇപ്പോള്‍ സമരപന്തലിലുള്ളത്.

ജയില്‍വാസം കഴിഞ്ഞ് കെ സുരേന്ദ്രന്‍ നിരാഹാരസമരം ഏറ്റെടുക്കുമെന്ന പ്രചരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടെങ്കിലും  പി കെ കൃഷ്ണദാസ്, എം ടി രമേശ് തുടങ്ങിയ നേതാക്കളും നിരാഹാരത്തിന് താല്‍പര്യമില്ലെന്നറിയിച്ചതായാണ് സൂചനകൾ. .

നിരാഹാരം കിടക്കുന്നവരോട് അനുഭാവം പ്രകടിപ്പിച്ച് വി മുരളീധരന്‍ സമരപന്തലിലെത്തിയെങ്കിലും, മുരളീധര പക്ഷത്തുള്ളവരും സമരത്തോട് മുഖം തിരിച്ചു. ശബരിമല കര്‍മ്മസമിതിക്കൊപ്പം സന്നിധാനത്തെ പ്രതിഷേധത്തിന്  ബിജെപി വേണ്ടെന്ന ആര്‍എസ്എസ് നിലപാടിനെ തുടര്‍ന്നാണ് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്. എന്നാൽ സര്‍ക്കാര്‍ ഒരു ഘട്ടത്തില്‍പോലും നിലപാടില്‍ അയവ് വരുത്താതോടെ സമരത്തിന്‍റെ മുനയൊടിയുകയായിരുന്നു.

ശബരിമല യുവതി പ്രവേശനത്തിലെ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന 22 വരെ  സമരം തുടര്‍ന്നാല്‍ മതിയെന്നാണ് ഇപ്പോൾ ധാരണായായിരിക്കുന്നത്.