വ്യക്തിജീവിതത്തില്‍ മമ്മൂക്ക ഒരാളോടെങ്കിലും മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോ?: പിന്നെന്തിനാണ് അദ്ദേഹത്തെ ആക്രമിക്കുന്നത്’: തുറന്നുപറഞ്ഞ് ടൊവിനോ

single-img
11 January 2019

സിനിമ എന്നതുതന്നെ ഒരു പോരാട്ടമാണെന്ന് നടന്‍ ടൊവിനോ തോമസ്. ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടെന്നും ടൊവിനോ തോമസ് പറഞ്ഞു. മനോരമയുടെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് ടൊവീനോ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ആദ്യമായി ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ഒരുപാട് പേരെ കണ്ടു. മലയാളസിനിമക്ക് പറ്റിയ മുഖമല്ലെന്ന് പോലും പറഞ്ഞവരുണ്ട്. സംവിധായകരെന്ന് സ്വയം പരിചയപ്പെടുത്തിയ ചില വ്യാജന്മാരെയും കണ്ടിട്ടുണ്ട്. അവസരം വേണമെങ്കില്‍ പണം വേണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. വീട്ടില്‍ വലിയ താത്പര്യമുണ്ടായിട്ടല്ല സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത്, കയ്യില്‍ പണമില്ല എന്നുപറഞ്ഞപ്പോള്‍ എത്ര തരാന്‍ പറ്റും എന്ന് ചോദിച്ചവരുണ്ട്.’

‘ഒടുവില്‍ സിനിമയില്‍ മുഖം കാണിക്കാന്‍ പറ്റി. മുഖം കാണിച്ചശേഷം ശ്രദ്ധിക്കപ്പെടുന്ന ഡയലോഗുള്ള ഒരു കഥാപാത്രം ചെയ്യാനുള്ള പരിശ്രമമായി പിന്നീട്. മണിക്കൂറുകളോളം കാത്തിരുന്ന ശേഷം വേഷമില്ല എന്ന് പറഞ്ഞവരുണ്ട്. ചപ്പാത്തി ചോദിച്ചപ്പോള്‍, ‘അപ്പുറത്ത് ചോറുണ്ടാകും, വേണമെങ്കില്‍ പോയി കഴിക്കെടാ’ എന്ന് പറഞ്ഞവരുണ്ട്. മേക്കപ്പ് മാറ്റാന്‍ മുഖം തുടക്കാന്‍ വെറ്റ് ടിഷ്യു ചോദിച്ചപ്പോള്‍ ‘പൈപ്പുവെള്ളത്തില്‍ കഴുകിക്കളയെടാ’ എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്.’ ടൊവിനോ പറഞ്ഞു.

കസബയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്‍ മമ്മൂട്ടിയെ ടൊവീനോ പിന്തുണച്ചു. ‘ഒരു നടന്റെ ഉത്തരവാദിത്വം അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി കൃത്യമായി ചെയ്യുക എന്നതാണ്. സിനിമയില്‍ അത്തരമൊരു ഡയലോഗ് പറയില്ല എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നെങ്കില്‍ എങ്ങിനെയാണ് ആ കഥാപാത്രത്തോട് നീതി പുലര്‍ത്താനാകുക? ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതാണ് നടന്റെ ഉത്തരവാദിത്വം.

വ്യക്തിജീവിതത്തില്‍ മമ്മൂക്ക എങ്ങിനെയാണ് എന്നതല്ലേ പ്രധാനം. ഒരാളോടെങ്കിലും അദ്ദേഹം മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോ? പിന്തെന്തിനാണ് സിനിമയിലെ ഒരു സീനിന്റെ പേരില്‍ അദ്ദേഹത്തെ ആക്രമിക്കുന്നത്’ ടൊവിനോ ചോദിച്ചു.