Featured

മുന്നറിയിപ്പുമായി വീണ്ടും യുഎഇ;പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടിയുണ്ടാകും

യു.എ.ഇയില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ലെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ട് സൂക്ഷിക്കേണ്ടത് വ്യക്തികള്‍ തന്നെയാണെന്നു മന്ത്രാലയം വ്യക്തമാക്കി.

പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടിയുണ്ടാകും. തൊഴിലാളികളുടെ പാസ്‌പോര്‍ട് തൊഴിലുടമകള്‍ പിടിച്ചുവയ്ക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ ഇടപെടല്‍.

നിയമം ലംഘിച്ച് ആരെങ്കിലും പാസ്‌പോര്‍ട്ട് പിടിച്ചുവച്ചാല്‍ ആറു മാസം വരെ തടവോ 20,000 ദിര്‍ഹം പിഴയോ ശിക്ഷയായി ഈടാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നു. വീസ സ്റ്റാംപ് ചെയ്യാന്‍ വേണ്ടി മാത്രം പാസ്‌പോര്‍ട്ട് കമ്പനിക്ക് കൈമാറാം. പാസ്‌പോര്‍ട്ട് എമിഗ്രേഷനില്‍ സമര്‍പ്പിച്ചശേഷം അതാതു വ്യക്തികള്‍ക്ക് തിരിച്ചുനല്‍കണം.