പരീക്ഷണത്തിൽ നിന്നും ‘തല’ രക്ഷിച്ച ഒരു പ്രണയകഥ

single-img
11 January 2019

പ്രണയം കൊണ്ട് ജീവൻ രക്ഷിക്കാൻ ആകുമോ? സംശയിക്കാൻ വരട്ടെ. പ്രണയം കൊണ്ട് തന്റെ തല തന്നെ രക്ഷിച്ച കഥയാണ് വാലരി സ്പിരിഡൊനോവ് എന്ന 33കാരന്റെത്. മസിലുകൾക്ക് തേയ്മാനം വരുന്ന അസുഖത്തെത്തുടർന്ന് ഇക്കണ്ട കാലമത്രയും വീൽചെയറിൽ തന്നെ കഴിഞ്ഞുകൂടിയിരുന്ന വാലരി ഇറ്റാലിയൻ സർജനായ ഡോ. സർജിയോ കനോവെറോ നേതൃത്വം നൽകുന്ന ലോകത്തിലെ തന്നെ ആദ്യ തല മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശരീരം വിട്ടുകൊടുക്കാൻ തയ്യാറെടുക്കുകയായിരുന്നു. വരുംവർഷങ്ങളിൽ തന്നെ പരീക്ഷണം നടക്കും എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുമ്പോൾ വാലരി ഇതിൽ നിന്നും പിന്മാറിയ വിവരം അറിയിച്ചിരിക്കുകയാണ്.

കെമിക്കൽ ടെക്നോളജിയിൽ മാസ്റ്റേഴ്സ് ബിരുദധാരിണിയായ അനസ്‌താസ്യ എന്ന സുന്ദരിയാണ് വാലരിയുടെ ഈ തീരുമാനത്തിന് പിന്നിൽ. ഏറെക്കാലത്തെ പരിചയത്തിനു ശേഷം പ്രണയത്തിലായ ഇവർ കഴിഞ്ഞവർഷം മോസ്കോയിൽ വച്ച് വിവാഹിതരായിരുന്നു. ഏതാനും മാസങ്ങൾക്കുമുൻപ് ഇരുവർക്കും പൂർണ ആരോഗ്യവാനായ ഒരു ആൺകുഞ്ഞ് പിറന്നു. ജീവിതത്തിന് പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായപ്പോൾ തല മാറ്റിവയ്ക്കൽ പോലെ ഒരു സാഹസത്തിന് ഇനി താൻ മുതിരുന്നില്ല എന്ന് വാലരി തീരുമാനിക്കുകയായിരുന്നു.

മനുഷ്യന് തന്നെ ഏറെ ഉപകാരം ആയേക്കാവുന്ന ഒരു പരീക്ഷണത്തിനായി തന്നെ ജീവിതം ഒരു ത്യാഗം എന്നോണമാണ് വാലരി നീക്കിവയ്ക്കാൻ തയ്യാറായത്. പരീക്ഷണം വിജയിച്ചാൽ ആരോഗ്യമുള്ള ഒരു ശരീരവുമായി ജീവിക്കാനാകുമെന്ന പ്രതീക്ഷയും ഈ യുവാവിന് ഉണ്ടായിരുന്നു. എന്നാൽ മറിച്ചു സംഭവിച്ചാൽ സന്തോഷകരമായ തന്റെ ജീവിതം അവസാനിക്കും എന്ന തിരിച്ചറിവാണ് പിന്മാറാനുള്ള തീരുമാനത്തിലെത്താൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിവാഹത്തിന് മുൻപുള്ള രണ്ടു വർഷക്കാലം തല മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ആയുള്ള പ്രത്യേക തയ്യാറെടുപ്പുകളും ചികിത്സകളുമായി കഴിയുകയായിരുന്നു വാലരി.