ഭരണം പൊളിഞ്ഞെന്ന് തോന്നിയാല്‍ അപ്പോള്‍ സംവരണ തന്ത്രം ഇറക്കും: യുവാക്കളോട് പക്കോഡ വില്‍ക്കാന്‍ പറഞ്ഞ പ്രധാനമന്ത്രിയാണ് സംവരണവുമായി രംഗത്തെത്തിയിരിക്കുന്നത്: ആഞ്ഞടിച്ച് ശിവസേന

single-img
10 January 2019

മുംബൈ: നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിനെതിരെ ശിവസേന മുഖപത്രം സാംമ്‌നയില്‍ ലേഖനം. നരേന്ദ്രമോദിയുടെ സംവരണ ബില്ല് രാഷ്ട്രീയ ലക്ഷ്യം മുന്നോട്ട് വെച്ചുള്ള നടപടി മാത്രമാണെന്നാണ് മുഖപത്രം വാദിക്കുന്നത്. തൊഴില്ലായ്മയും ദാരിദ്രവും കുറയ്ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്.

സംവരണം നല്‍കാന്‍ വേണ്ട തൊഴില്‍ അവസരങ്ങള്‍ എവിടെയാണെന്ന് ശിവസേന ചോദിച്ചു. മറാത്ത വിഭാഗത്തിന് സംവരണം നല്‍കിയിട്ടുണ്ടെങ്കിലും തൊഴില്‍ അവസരങ്ങള്‍ ഇല്ലെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. ദാരിദ്ര നിര്‍മാര്‍ജനത്തിലും തൊഴില്‍ രംഗത്തും പരാജയപ്പെടുമ്പോഴാണ് സര്‍ക്കാരുകള്‍ റിസര്‍വേഷന്‍ കാര്‍ഡ് ഇറക്കുന്നത്.

വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. 10 ശതമാനം സംവരണം നല്‍കിയ ശേഷം അതിനുള്ള ജോലി എവിടെ നിന്ന് നല്‍കുമെന്ന് കൂടി വ്യക്തമാക്കണം. ജി.എസ്.ടിയും നോട്ടുനിരോധനവും നടപ്പിലാക്കിയത് മൂലം രാജ്യത്ത് രണ്ട് കോടിയോളം തൊഴില്‍ അവസരങ്ങള്‍ നഷ്മായി.

രാജ്യത്തെ യുവാക്കള്‍ എന്ത് ചെയ്യണമെന്നറിയാതെ കഷ്ടപ്പെടുകയാണ്. 10 ശതമാനം സംവരണം നടപ്പിലാക്കിയാല്‍ രാജ്യത്തെ യുവാക്കള്‍ക്ക് എന്താണ് ലാഭം. യുവാക്കളോട് പക്കോഡ വില്‍ക്കാന്‍ പറഞ്ഞ പ്രധാനമന്ത്രിയാണ് ഇപ്പോള്‍ സംവരണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.