ശശികലക്കു വേണ്ടി ഹർത്താൽ നടത്തി, പിന്നോക്ക വിഭാഗത്തിലുളള സുരേന്ദ്രനു വേണ്ടി ചെറുവിരൽ അനക്കിയില്ല: ബിജെപി നിലപാടിൽ പ്രതിഷേധിച്ച് ഒബിസി മോര്‍ച്ച സംസ്ഥാന നേതാവ് ശരണ്യ സുരേഷ് പാര്‍ട്ടി വിട്ടു

single-img
10 January 2019

ബിജെപിയിലെ ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ക്കല ശരണ്യ സുരേഷ് പാര്‍ട്ടി വിട്ടു. ബിജെപി അംഗത്വവും ഭാരവാഹി ചുമതലയും ഒഴിയുകയാണെന്ന് അവർ വ്യക്തമാക്കി.ബിജെപിക്കുളളിലെ സവര്‍ണ ബ്രാഹ്മണ ആധിപത്യം, മുന്നോക്ക വിഭാഗക്കാര്‍ക്കായി നടപ്പാക്കിയ സംവരണം എന്നിവവയാണ് പാർട്ടി വിടാൻ കാരണമെന്ന് അവർ വ്യക്തമാക്കി.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. നവകേരളം സൃഷ്ടിക്കുവാന്‍ ഇച്ഛാശക്തിയോട് കൂടി മുന്നോട്ടുപോകുന്ന സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.

പിന്നോക്ക വിഭാഗത്തിലുളളവര്‍ക്ക് ഈ സംഘടനകളില്‍ വലിയ രീതിയിലുളള ജാതീയ അധിക്ഷേപങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപിയിലും ഒബിസി മോര്‍ച്ചയിലും സവര്‍ണ ബ്രാഹ്മണത്വമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നതാണ് അവസ്ഥ. ഒബിസി മോര്‍ച്ചയിലുളളവര്‍ക്ക് ഒരു പരിഗണനയും നല്‍കാന്‍ ബിജെപി തയ്യാറാകുന്നില്ലെന്നും മുന്നോക്ക വിഭാഗത്തിലുളളവര്‍ക്ക് നല്‍കുന്ന പരിഗണന എന്തുകൊണ്ട് പിന്നോക്ക വിഭാഗത്തിലുളളവര്‍ക്ക് ലഭിക്കുന്നില്ല എന്ന ചോദ്യത്തിന് കണ്ണുരുട്ടലും ഭീഷണിയും മാത്രമാണ് മറുപടിയെന്നും അവർ ആരോപിച്ചു.

പിന്നോക്ക വിഭാഗത്തിലുളള കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് കുറെയേറെ ദിവസം ജയിലില്‍ കിടക്കേണ്ട സാഹചര്യം വന്നിട്ടുപോലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ല. എന്നാൽ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ നടത്തി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ നടത്തുന്ന കാര്യത്തില്‍പ്പോലും ആര്‍എസ്എസും ബിജെപിയും ജാതി നോക്കിയാണ് തീരുമാനമെടുക്കുന്നതെന്നും അവർ പറഞ്ഞു.