Latest News, Sports

രഞ്ജി ട്രോഫിയില്‍ ഹിമാചലിനെതിരേ കേരളത്തിന് നാടകീയ വിജയം; തുടര്‍ച്ചയായ രണ്ടാം തവണയും ക്വാര്‍ട്ടറില്‍

അതിശയിപ്പിക്കുന്ന ജയത്തോടെ കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. എലൈറ്റ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഹിമാചല്‍പ്രദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഒന്നാം സ്ഥാനത്തോടെയാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം രഞ്ജി ക്വാര്‍ട്ടറിലെത്തുന്നത്. എട്ട് മത്സരങ്ങളില്‍ 26 പോയിന്റാണ് കേരളം നേടിയത്.

രണ്ടാം ഇന്നിങ്‌സില്‍ 297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം 96 റണ്‍സെടുത്ത വിനൂപിന്റെയും 92 റണ്‍സെടുത്ത സച്ചിന്‍ ബോബിയുടേയും മികവിലാണ് വിജയിച്ചത്. 61 റണ്‍സുമായി സഞ്ജു സാംസണ്‍ പുറത്താകാതെ നിന്നു. സ്‌കോര്‍: ഹിമാചല്‍ പ്രദേശ് 297, 285/8d കേരളം 286, 299/5

നോക്കൗട്ടിലേക്കു മുന്നേറാന്‍ വിജയം അനിവാര്യമാണെന്നിരിക്കെ, തലേന്നത്തെ സ്‌കോറില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള ഹിമാചല്‍ ക്യാപ്റ്റന്റെ തീരുമാനമാണ് മല്‍സരത്തിനു റിസള്‍ട്ട് സമ്മാനിച്ചത്. ഇതോടെ, ഒന്നാം ഇന്നിങ്‌സിലെ 11 റണ്‍സിന്റെ ചെറിയ ലീഡും ചേര്‍ത്ത് കേരളത്തിനു മുന്നില്‍ ആതിഥയേര്‍ ഉയര്‍ത്തിയത് 297 റണ്‍സ് വിജയലക്ഷ്യം.

90 ഓവറില്‍ 297 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളം ബാറ്റിങ് ലൈനപ്പില്‍ കാര്യമായ അഴിച്ചുപണിയാണ് നടത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ പി.രാഹുലിനൊപ്പം ഓപ്പണറുടെ റോളിലെത്തിയത് ഓള്‍റൗണ്ടര്‍ വിനൂപ് മനോഹരന്‍.

പി.രാഹുല്‍ 14 റണ്‍സുമായി പുറത്തായിട്ടും പൊരുതിനില്‍ക്കാന്‍ കേരളത്തെ പ്രാപ്തമാക്കിയത് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നേടിയെത്തിയ വിനൂപ്–സിജോമോന്‍ കൂട്ടുകെട്ടാണ്. സ്‌കോര്‍ 32ല്‍ നില്‍ക്കെ 21 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 14 റണ്‍സുമായി രാഹുല്‍ പുറത്തായെങ്കിലും ഇവരുടെ കൂട്ടുകെട്ട് കേരളത്തിന് മികച്ച സ്‌കോറിലേക്ക് അടിത്തറിയിട്ടു.

16.1 ഓവര്‍ ക്രീസില്‍നിന്ന ഇരുവരും രണ്ടാം വിക്കറ്റില്‍ കേരള സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത് 73 റണ്‍സ്. ഹിമാചല്‍ ബോളര്‍മാര്‍ സമചിത്തതയോടെ നേരിട്ട ഇരുവരും ആവശ്യത്തിനു റണ്‍റേറ്റും കാത്തുസൂക്ഷിച്ചാണ് അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്തത്. സ്‌കോര്‍ 105ല്‍ നില്‍ക്കെ സിജോമോനെ ജി.കെ. സിങ് പുറത്താക്കിയെങ്കിലും മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കൊപ്പം വിനൂപ് മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടു കൂടി തീര്‍ത്ത് കേരളത്തെ സുരക്ഷിതരാക്കി.

101 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ അര്‍ഹിച്ച സെഞ്ചുറിക്കു നാലു റണ്‍സ് അകലെ വിനൂപിനെ ദാഗര്‍ മടക്കി. ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും മുഹമ്മദ് അസ്ഹറുദ്ദീനും സംപൂജ്യനായി മടങ്ങിയെങ്കിലും സഞ്ജു–സച്ചിന്‍ സഖ്യം കേരളത്തെ മുന്നോട്ടു നയിച്ചു.

അഞ്ചാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടുകെട്ടു ചേര്‍ത്തതിനു പിന്നാലെ വിജയത്തിനു തൊട്ടരികെ സച്ചിന്‍ പുറത്തായി. 134 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 92 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. തുടര്‍ന്നെത്തിയ വിഷ്ണു വിനോദിനെ മറുവശത്തു സാക്ഷിനിര്‍ത്തി സഞ്ജു വിജയറണ്‍ കുറിച്ചു. ഒന്നാം ഇന്നിങ്‌സിലും അര്‍ധസെഞ്ചുറി നേടിയ സഞ്ജു, രണ്ടാം ഇന്നിങ്‌സില്‍ 53 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 61 റണ്‍സോടെ പുറത്താകാതെ നിന്നു.

എട്ടു മത്സരങ്ങളില്‍ നാല് വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഈ സീസണില്‍ കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. മറ്റു ടീമുകളുടെ മത്സരഫലങ്ങള്‍ ആശ്രയിച്ചാകും കേരളത്തിന്റെ നോക്കൗട്ട് പ്രവേശം.