ദേശീയ പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞവരെ കാത്തിരിക്കുന്നത് കുരുക്കൊഴിയാത്ത നിയമനടപടി: ഒരു മിനിട്ടിന് 400 രൂപ വച്ച് നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങി റെയില്‍വേ

single-img
10 January 2019

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളം സ്തംഭിച്ചിരുന്നു. പണിമുടക്കില്‍ പലയിടത്തും വ്യാപകമായി ട്രെയിന്‍ തടഞ്ഞതോടെ ജനങ്ങള്‍ പെരുവഴിയിലാകുകയും ചെയ്തിരുന്നു. ഒടുവില്‍ പണിമുടക്കും ബഹളവും ഒക്കെ കഴിഞ്ഞതോടെ റെയില്‍വേയും ‘പണി’തുടങ്ങി. ട്രെയിന്‍ തടഞ്ഞവര്‍ക്ക് എട്ടിന്റെ പണി കൊടുക്കാന്‍….

റെയില്‍വേക്കുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കാനുള്ള നീക്കമാണ് നടക്കുന്നത്. എക്‌സ്പ്രസ് ട്രെയിന്‍ ഒരു മിനിറ്റ് വൈകിയാല്‍ 400 രൂപയാണ് നഷ്ടം. രണ്ട് ദിവസം വൈകിയതുമൂലമുണ്ടായ ഭാരിച്ച നഷ്ടം കൂടി ചേര്‍ത്താണ് റെയില്‍വേ കോടതിയില്‍ കേസെത്തുക.

ട്രെയിന്‍ തടയലിനെ തുടര്‍ന്ന് പിന്നാലെയെത്തുന്ന ട്രെയിനുകള്‍ പിടിച്ചിടുന്നതും വൈകുന്നതുമെല്ലാം ഇതേ അക്കൗണ്ടിലാണ് വകയിരുത്തുക. തിരുവനന്തപുരത്ത് ചൊവ്വാഴ്ച വേണാട് തടഞ്ഞതിനെ തുടര്‍ന്ന് പിന്നാലെ പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ ട്രെയിനുകളെല്ലാം വൈകി. ഈ വൈകലുകള്‍ക്കെല്ലാം മിനിറ്റിന് 400 രൂപവെച്ചാണ് നഷ്ടം കണക്കാക്കുക.

ആര്‍.പി.എഫ് ആണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 32 കേസുകളാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 32 കേസുകളിലായി നേതാക്കള്‍ ഉള്‍പ്പെടെ ആയിരത്തോളം സമരക്കാരാണ് പ്രതിപട്ടികയിലുള്ളത്.

നാല് വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. അനധികൃതമായി സ്റ്റേഷനില്‍ പ്രവേശിച്ചു, യാത്രക്കാര്‍ക്ക് തടസം നിന്നു, റെയില്‍വേ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടഞ്ഞു തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. റെയില്‍വേ അധികൃതര്‍ എടുത്ത ഫോട്ടോകളില്‍നിന്നും വീഡിയോ ദൃശ്യങ്ങള്‍ നോക്കിയുമാണ് സമരക്കാരെ തിരിച്ചറിയുന്നത്.

പൊതുപണിമുടക്കിന്റെ ഭാഗമായി ട്രെയിനുകള്‍ തടയുമെന്ന് സമരാനുകൂലികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാല്‍ സമരാനുകൂലികളെ കുടുക്കാന്‍ റെയില്‍വേ പൊലീസ് മൊബൈല്‍ കാമറയുള്‍പ്പടെയുള്ള മുന്‍കരുതല്‍ എടുത്തിരുന്നു.
രണ്ട് വര്‍ഷം തടവും 2000 രൂപ പിഴയും ലഭിക്കുന്ന വകുപ്പകളാണ് സമരക്കാര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

പ്രതികള്‍ക്ക് ഉടന്‍ നോട്ടീസ് അയച്ച് തുടങ്ങുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാകും അറസ്റ്റ് രേഖപ്പെടുത്തുക. ശേഷം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. അതേസമം, നാല് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണെങ്കിലും സ്റ്റേഷന്‍ ജാമ്യം ലഭിക്കും.

കേസ് അവസാനിക്കും വരെ സ്റ്റേഷന്‍ മാസ്റ്റര്‍മാരും കോടതിയില്‍ ഹാജരാകണം. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കേസ് പരിഗണിക്കുക എന്നതിനാല്‍ ട്രെയിന്‍ തടഞ്ഞവരെ കണ്ടെത്താനായിട്ടില്ലെന്ന നിര്‍ദോഷ റിപ്പോര്‍ട്ടുകളില്‍ നേതാക്കളൊഴികെയുള്ളവര്‍ രക്ഷപ്പെടുകയാണ് പതിവ്. എന്നാല്‍, ഇത്തവണ ഓരോ സ്ഥലങ്ങളിലും ആര്‍.പി.എഫ് കൃത്യമായി വിവരം ശേഖരിച്ചിട്ടുണ്ട്.