രാഹുല്‍ ഗാന്ധിക്ക് വനിതാകമ്മീഷന്റെ നോട്ടീസ്

single-img
10 January 2019

പാര്‍ലമെന്റില്‍ റാഫേല്‍ വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെ അധിക്ഷേപിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ വനിത കമ്മിഷന്റെ നോട്ടീസ്. ഒരു ‘മഹിള’യെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ഏല്‍പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഓടിപ്പോയെന്ന രാഹുലിന്റെ പരാമര്‍ശമാണു വിവാദത്തിലായത്.

രാഹുലിന്റെ പ്രസ്താവന രാജ്യത്തെ സ്ത്രീകള്‍ക്കെതിരെയുള്ളതാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണു വനിതാ കമ്മിഷന്റെ നടപടി. ജനുവരി 9ന് വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

രാഹുലിന്റെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം സ്ത്രീ വിരുദ്ധവും കുറ്റകരവും അസാന്മാര്‍ഗികവുമാണ്. പൊതുവായി സ്ത്രീകളുടെ അന്തസ്സിനെ അങ്ങേയറ്റം അവഹേളിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണിത്. പ്രധാന സ്ഥാനങ്ങളിലുള്ളവര്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ വനിതാ കമ്മീഷന്‍ അപലപിക്കുന്നതായും നോട്ടിസില്‍ ഉണ്ട്. വിഷയത്തില്‍ രാഹുല്‍ വിശദീകരണം നല്‍കണമെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു.

റഫാല്‍ ചര്‍ച്ചകളില്‍ മോദിക്ക് വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ പാര്‍ലമെന്റില്‍ ഒരു സ്ത്രീയുണ്ടെന്നും റഫാലില്‍ ഉത്തരം പറയാതെ കാവല്‍ക്കാരന്‍ ഓടി രക്ഷപ്പെടുകയാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

”56 ഇഞ്ച് നെഞ്ചളവുള്ള ചൗക്കീദാര്‍ മോദി, എനിക്ക് മറുപടി തരാതെ ഒളിച്ചോടി. പകരം ഒരു സ്ത്രീയെ (മഹിള)യെ രംഗത്തിറക്കി. ഒരു മണിക്കൂറോളം അവര്‍ സംസാരിച്ചു. പക്ഷേ, അനില്‍ അംബാനിക്ക് കരാര്‍ നല്‍കിയോ ഇല്ലയോ എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ പോലും ആ സ്ത്രീക്ക് കഴിഞ്ഞില്ല.”

ഇതോടെ പൊതുരംഗത്തുള്ള സ്ത്രീകളെ മോശമാക്കി ചിത്രീകരിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് കാട്ടി രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളിലുള്ള പ്രമുഖര്‍ രംഗത്തു വന്നു. സ്ത്രീകളെ മോശമാക്കി ചിത്രീകരിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോപിച്ചിരുന്നു.