തന്ത്രി പടിയിറങ്ങി ശബരിമല ക്ഷേത്രം മലഅരയരെ തിരിച്ചേൽപ്പിക്കണം: ഇരുന്നൂറിലധികം വ്യക്തികളും സംഘടനകളും ഒപ്പുവച്ച പരാതി മുഖ്യമന്ത്രിക്ക്

single-img
10 January 2019

ശബരിമല വിഷയത്തിലെ തന്ത്രിയുടെ  നിലപാടുകൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. 200 -ല്‍ പരം വ്യക്തികളും സംഘടനകളും ചേര്‍ന്ന് ഒപ്പ് വെച്ച സംഘടിത പരാതിയാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

ശബരിമല തന്ത്രിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നും ശബരിമല ക്ഷേത്രം മലയരയര്‍ക്ക് തിരിച്ചു കൊടുക്കണം എന്നും പരാതിയില്‍ പറയുന്നു. സ്വാമി അഗ്‌നിവേശ്, മേധാപട്കര്‍, കാഞ്ച ഇലയ്യ, തീസ്റ്റ സെതല്‍വാദ്, അരുണാ റോയ്, ആനന്ദ് പട്‌വര്‍ദ്ധന്‍ തുടങ്ങി ഇരുനൂറിലധികം വ്യക്തികളും പ്രമുഖ സംഘടനകളുമാണ് സംഘടിത പരാതിയില്‍ ഒപ്പു വെച്ചിരിക്കുന്നത്.

”2018 സെപ്റ്റംബര്‍ 28 ലെ ചരിത്രപരമായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബിന്ദുവും കനകദുര്‍ഗയും ജനുവരി 2 ന് ശബരിമലയില്‍ പ്രവേശിച്ചു കൊണ്ട് ചരിത്രം നിര്‍മിച്ചു. എന്നാല്‍ സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് മേല്‍ ശാന്തി ശുദ്ധിക്രിയ നടത്തിയത് മൂലം ഇന്ത്യയുടെ ചരിത്രത്തില്‍ ഇതേ ദിവസം ഇരുണ്ട ദിവസമായി മാറിയിരിക്കുന്നു- പ്രസ്തുത പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശബരിമലയില്‍ ബ്രാഹ്മണര്‍ ആധിപത്യം സ്ഥാപിക്കുന്നതിനു മുന്‍പ് ആചാരപരമായ അവകാശങ്ങള്‍ ഉണ്ടായിരുന്ന ആദിവാസി വിഭവങ്ങള്‍ക്ക് അവകാശം തിരികെ കൊടുക്കണം എന്നും പരാതിയിലുണ്ട്. പരാതിയുടെ ഓരോ കോപ്പിവീതം രാഷ്ട്ര പതിക്കും, ചീഫ് ജസ്റ്റിസിനും, കേരള ഗവര്‍ണര്‍ക്കും സമര്‍പ്പിച്ചു.