ഹാര്‍ദിക് പാണ്ഡ്യയെയും കെ.എല്‍ രാഹുലിനെയും സസ്‌പെന്‍ഡ് ചെയ്‌തേക്കും

single-img
10 January 2019

ടിവി ചാനല്‍ ടോക് ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍ എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ ശിപാര്‍ശ. വിലക്ക് ഉള്‍പ്പടെയുള്ള നടപടികള്‍ക്കാണ് സമിതി ശിപാര്‍ശ നല്‍കിയിരിക്കുന്നത്.

സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.ഐ ഭരണസമിതി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാനാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മല്‍സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം. നേരത്തെ ഇരുവരോടും ബി.സി.സി.ഐ വിശദീകരണം ചോദിച്ചിരുന്നു. പരാമര്‍ശത്തില്‍ ഖേദമുണ്ടെന്നും മാപ്പ് ചോദിക്കുന്നുവെന്നും ഹര്‍ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ചാറ്റ് വിത്ത് കരണ്‍ എന്ന ടിവി ഷോയ്ക്കിടെയാണ് തനിക്ക് ഒരേ സമയം നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്ന് ഹര്‍ദിക് പാണ്ഡ്യ പറഞ്ഞത്. ഷോയ്ക്കിടെ സംസാരിച്ച രാഹുലും ചില സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ബിസിസിഐ വിശദീകരണം തേടിയത്.

താരങ്ങള്‍ ക്രിക്കറ്റുമായി ബന്ധമില്ലാത്ത ടിവി പരിപാടികളില്‍ പങ്കെടുക്കുന്നത് വിലക്കുന്ന കാര്യവും ബിസിസിഐ പരിശോധിക്കുന്നുണ്ട്. എന്റര്‍ടെയ്ന്‍മെന്റ് ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കുന്നത് തടയണമെന്ന ആവശ്യം ബിസിസിഐയിലെ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ല.