Movies

റെക്കോര്‍ഡുകള്‍ പിഴുതെറിഞ്ഞ് ഒടിയന്‍

കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു, ഒടിയന്‍. ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്ന പരമാവധി ഹൈപ്പ് നേടിയാണ് ഒടിയന്‍ തിയേറ്ററുകളിലെത്തിയത്. ചിത്രത്തിനെതിരെ ചില കോണുകളില്‍ നിന്നും ആക്രമണം ഉണ്ടായെങ്കിലും വ്യത്യസ്തമാര്‍ന്ന പ്രമേയവും താരങ്ങളുടെ വിസ്മയാവഹമായ അഭിനയ പ്രകടനവും ചിത്രത്തിന്റെ വിജയഘടകങ്ങളായി തീരുകയായിരുന്നു.

അവസാന വീക്കെന്റിലും സിനിമക്ക് വലിയ തിരക്കായിരുന്നു കണ്ടത്. ക്രിസ്മസ് റിലീസ് ചിത്രങ്ങളെ പോലും ഏറെ ദൂരം പിന്നിലാക്കി ആണ് ഒടിയന്‍ ബോക്‌സ് ഓഫീസ് വേട്ട തുടരുന്നത്. മലയാളം കണ്ട ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ഒടിയന്‍ ഇപ്പോള്‍.

ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒടിയന്‍ 100 കോടിയും പിന്നിട്ടു എന്നാണ് അനൗദ്യോഗിക വിവരം. പുതുവര്‍ഷത്തില്‍ മറ്റ് ചിത്രങ്ങള്‍ തിയേറ്ററില്‍ മാറിമാറി വന്നെങ്കിലും ഒടിയന്റെ കളക്ഷനെയോ തിരക്കിനെയോ ബാധിച്ചില്ല എന്നു തന്നെയാണ് അണിയറക്കാര്‍ പറയുന്നത്. ലോകമൊട്ടാകെ ഒടിയന്‍ ആദ്യദിനം നേടിയത് 32.14 കോടിയായിരുന്നു. മലയാള സിനിമയെ സംബന്ധിച്ചടത്തോളം സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡ് ആണ് ഒടിയന്‍ അന്ന് സ്വന്തമാക്കിയത്.

പുലിമുരുകന്‍ പോലെ മാസ് മാത്രം കൂട്ടിച്ചേര്‍ത്തു നിര്‍മിച്ചതല്ല ഒടിയന്‍. മറിച്ച് ക്ലാസ് എന്ന ഘടകത്തിലൂടെ മാസ് ഉരുത്തിരിഞ്ഞു വരുന്നതെങ്ങനെയെന്ന് ഒടിയന്‍ തെളിയിച്ചു തരും. ഒരു പാലക്കാടന്‍ ഗ്രാമത്തില്‍, നിലാവുള്ള രാത്രിയില്‍, കരിമ്പനക്കാറ്റേറ്റ്, ഒരു കഥ കേള്‍ക്കുന്ന സുഖത്തോടെ കാണാവുന്ന സിനിമയെന്ന് ഒറ്റ വരിയില്‍ ഒടിയനെ വിശേഷിപ്പിക്കാം.

മലയാളത്തിന്റെ വടക്കന്‍ മേഖലകളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ക്കിടയില്‍ ഭ്രമണം ചെയ്ത ഒടിയന്‍ എന്ന സങ്കല്‍പത്തെ ഈ പുതിയ നൂറ്റാണ്ടില്‍ പുനരവതരിപ്പിക്കുമ്പോള്‍ അത് ഇനിയെന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന അനുഭവമാക്കി മാറ്റാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനു സാധിച്ചു. ഒടിയന്‍ ശരിക്കുമുണ്ടായിരുന്നോ ഇല്ലയോ എന്ന തര്‍ക്കങ്ങള്‍ക്കപ്പുറം, അതൊരനുഭവമായി ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ എന്നും അവശേഷിക്കും.

ഒടിയന്‍ മാണിക്യനായുള്ള പരകായ പ്രവേശം മോഹന്‍ലാല്‍ മനോഹരമാക്കി. കാലിന്റെ ചലനങ്ങളില്‍ പോലും അതു വ്യക്തം. കഥാപാത്രത്തിനുവേണ്ടി അത്രത്തോളം ത്യാഗവും സഹിച്ചിട്ടുണ്ട്. പ്രഭയായി മഞ്ജു വാരിയര്‍ തിളങ്ങി. ചുറുചുറുക്കുള്ള പഴയ മഞ്ജുവിനെ ഒടിയനില്‍ കാണാം. രാവുണ്ണിയായി പ്രകാശ് രാജും മികച്ചു നിന്നു. മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യവും ശ്രദ്ധേയമായി.

അതിനിടെ ‘ഒടിയന്‍ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ‘ഒടിയന്‍ സെറ്റില്‍ ലാലേട്ടന്റെ വിനോദങ്ങള്‍’, ലാലേട്ടനു ബോറടിച്ചാല്‍ എന്തു ചെയ്യും തുടങ്ങിയ അടിക്കുറിപ്പുകളോടെയാണ് വീഡിയോ പങ്കുവെയ്ക്കുന്നത്. ഷൂട്ടിങ്ങിനിടെ ആരോ പകര്‍ത്തിയ വിഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയുള്ള ഇടവേളയില്‍ കൈയിലുള്ള വടി ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്ന മോഹന്‍ലാലിനെ ദൃശ്യങ്ങളില്‍ കാണാം.