പ്രധാനമന്ത്രിയെ വിരട്ടാൻ പിണറായി ആയിട്ടില്ല; പിണറായിയെ വിരട്ടാൻ ബിജെപി മതി: 356-ാം വകുപ്പ് മോദിയുടെ കൈയില്‍ ഭദ്രമാണെന്നു എംടി രമേശ്

single-img
10 January 2019

356-ാം വകുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയില്‍ ഭദ്രമാണെന്ന കാര്യം ഓര്‍മ്മിപ്പിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.ഈ വകുപ്പ് പ്രയോഗിക്കാന്‍ വലിയ പ്രയാസം ഒന്നുമില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയുളള പൊലീസ് തേര്‍വാഴ്ചയില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് എം ടി രമേശ് പറഞ്ഞു.

356-ാം വകുപ്പ് മോദിയുടെ കൈയില്‍ ഭദ്രമാണെന്ന കാര്യം പിണറായി വിജയന്‍ മനസിലാക്കിയാല്‍ നന്നെന്നും എം ടി രമേശ് മുന്നറിയിപ്പ് നല്‍കി.  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിരട്ടാന്‍ പിണറായി വിജയന്‍ ആയിട്ടില്ല. എന്നാൽ പിണറായി വിജയനെ വിരട്ടാന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ധാരാളം മതി. മോദിയെ വിരട്ടാന്‍ തീരുമാനിച്ചാല്‍ പിണറായി മുഖ്യമന്ത്രിയായി ഉണ്ടാവില്ലെന്ന് മനസിലാക്കിയാല്‍ നന്നെന്നും രമേശ് ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നിരിക്കുന്നുവെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും രമേശ് പറഞ്ഞു. ഈ ഗവണ്‍മെന്റ് ഇങ്ങനെയാണെങ്കില്‍ അധികകാലം മുന്നോട്ടുപോകില്ല. എല്ലാ കാലത്തും ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാമെന്ന് കരുതേണ്ടെന്നും രമേശ് പറഞ്ഞു.