പാനൂരിലും പരിസരങ്ങളിലും അവിവാഹിതരെ വിവാഹിതരാകുവാനുള്ള ലക്ഷ്യവുമായി പൊലീസ്

single-img
10 January 2019

പാനൂരിലും പരിസരങ്ങളിലും  പുതിയ ദൗത്യവുമായി കേരള പൊലീസ്. നാട്ടിലെ പുരനിറഞ്ഞ പുരുഷൻമാരുടെ കണക്കെടുത്ത്‌ പെണ്ണുകെട്ടിക്കാൻ പാനൂർ പോലീസ്‌ ശ്രമം തുടങ്ങിയത്. കേൾക്കുമ്പോൾ ആദ്യം തമാശയാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യമാണ് സംഭവം.

രാഷ്ട്രീയ സംഘർഷങ്ങൾ ഏറെ നടക്കുന്ന പ്രദേശങ്ങളിലാണ്  പൊലീസിൻ്റെ പുതിയ ഇടപെടൽ. സംഘർഷങ്ങളിൽ ഏറെ യുവാക്കൾക്ക്‌ ജീവൻ നഷ്‌ടമായ പ്രദേശങ്ങളാണ്‌ പാനൂരും പരിസരങ്ങളും. ഒട്ടേറെ യുവാക്കൾ കേസിൽപ്പെട്ട്‌ ജയിലിലായിട്ടുണ്ട്‌. ഇപ്പോഴും പലരും ജയിൽവാസം അനുഭവിക്കുന്നുമുണ്ട്. മറ്റു ചിലർ കേസിന്റെ നൂലാമാലകളുമായി ഇപ്പോഴും കോടതിവരാന്തയിലാണ്‌.

രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ  പലരും തൊഴിൽനഷ്ടം അനുഭവിക്കുന്നവർ കൂടിയാണ്. ഈ ചുറ്റുപാടിലാണ്‌ പാനൂർ ജനമൈത്രി പോലീസിന്റെ ഇടപെടൽ എത്തുന്നത്. മേഖലയിൽ പെണ്ണുകെട്ടാത്തവരെ കണ്ടെത്തുകയും  വിവാഹത്തിലൂടെ ജീവിതത്തിന്റെ ഉത്തരവാദിത്വം നൽകുകയും ചെയ്യുക എന്നുള്ളതാണ് പൊലീസിനു മുന്നിലുള്ള ദൗത്യം. .

നാഷണൽ സർവീസ് സ്കീമുമായി ചേർന്നാണ് കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കാനെവരുങ്ങുന്നത്. വരുന്ന വേനലവധിയിൽ പാനൂർ സ്റ്റേഷൻ പരിധിയിലുള്ള 19,000 വീടുകളിൽ എൻഎസ്‌എസ്‌ വൊളന്റിയർമാർ അവിവാഹിതരുടെ കണക്കെടുക്കും. ഈ സർവേയിൽ കുടുംബപശ്ചാത്തലം, വിദ്യാഭ്യാസയോഗ്യത തുടങ്ങി യുവാക്കളുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കുകയാണ് ചെയ്യുക.

സർവേ തുടങ്ങുന്നതിനു മുമ്പ് രാഷ്ട്രീയപ്പാർട്ടികളുടെയും സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകരുടെയും യോഗം വിളിക്കുമെന്നും പാനൂർ പോലീസ്‌ ഇൻസ്‌പെക്‌ടർ പി വി.ബെന്നി പറഞ്ഞു. സംഘർഷാവസ്ഥ വിട്ടൊഴിയാത്ത സ്ഥലത്ത് പെൺമക്കളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറാവില്ല എന്നുള്ളതാണ് യഥാർത്ഥ പ്രശ്നം. രാഷ്‌ട്രീയപ്രശ്‌നങ്ങളിൽ കുടുങ്ങി നാട്ടിൽ നിൽക്കാൻ പറ്റാത്തവർ പോലീസിനോടു ചോദിക്കുന്നത് തങ്ങൾക്കൊക്കെ എവിടെനിന്ന്‌ പെണ്ണുകിട്ടുമെന്നാണെന്നും  പൊലീസ് പറഞ്ഞു. ഇൻസൈറ്റ് പദ്ധതിക്കു ലഭിച്ച പിന്തുണയാണ് അവിവാഹിതരായ യുവാക്കളെ പരിഗണിക്കാൻ പ്രേരകമായതെന്ന് വി.വി.ബെന്നി പറഞ്ഞു

പാനൂർ പൊലീസിൻ്റെ നേതൃത്വത്തിൽ ഇൻസൈറ്റ് പദ്ധതി തുടങ്ങിയിട്ട് ആറുമാസമായി. ഒരു വീട്ടിൽ ഒരു സർക്കാർജോലി എന്നതാണ് ‘ഇൻസൈറ്റി’ന്റെ ലക്ഷ്യം. പാനൂരിലും കൊളവല്ലൂരിലും 20 കേന്ദ്രങ്ങളിൽ ജനമൈത്രി പോലീസ്‌ യുവാക്കൾക്ക്‌ പി.എസ്‌.സി. പരിശീലനം നൽകുന്നുണ്ട്‌. പാരാമിലിറ്ററി ജോലിയിലേക്കും പരിശീലനം നൽകുന്നു.