ആ ‘പഴയ മാജിക്ക്’ വീണ്ടും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിനൊരുങ്ങുന്നു

single-img
10 January 2019

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിനൊരുങ്ങുന്നു. ഈ മാസം 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വമ്പന്‍ ആക്ഷന്‍ സീനുകള്‍ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ദിലീപ് നായകനായെത്തിയ ‘രാമലീല’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രംകൂടിയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.

‘ആര്‍ക്കും തന്നെ മറക്കാനാകാത്ത സ്‌ക്രീന്‍ മാജിക്കാണ് ഇതിഹാസ താരങ്ങളായ മോഹന്‍ലാലും സുരേഷ് ഗോപിയും ഇരുപതാംനൂറ്റാണ്ടില്‍ സൃഷ്ടിച്ചിട്ടുള്ളത്. ചരിത്രം ആവര്‍ത്തിക്കപ്പെടാനുള്ളതാണ്. പ്രിയപ്പെട്ട ഗോകുല്‍ സുരേഷ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ആ പഴയ മാജിക്ക് വീണ്ടും ആവര്‍ത്തിക്കുന്നത് കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു’, ചിത്രത്തിന്റെ സംവിധായകനായ അരുണ്‍ ഗോപി പറഞ്ഞു.

ചിത്രത്തില്‍ പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു.

ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയായത്. പുതുമുഖ നടി റേച്ചല്‍ ആണ് ഈ ചിത്രത്തില്‍ പ്രണവിന് നായികയായെത്തുന്നത്.

മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ആക്ഷന് ഒപ്പം റൊമാന്‍സിനും ഈ ചിത്രത്തില്‍ പ്രാധാന്യം ഉണ്ട്. നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വന്നത്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളില്‍ ഒന്നാണ് കെ.മധു അണിയിച്ചൊരുക്കിയ ഇരുപതാം നൂറ്റാണ്ട്. സാഗര്‍ ഏലിയാസ് ജാക്കിയായി മോഹന്‍ലാലും കൂട്ടാളി ശേഖരന്‍കുട്ടിയായി സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച ചിത്രം അക്കാലത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുമായിരുന്നു. ഇപ്പോള്‍ മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ് മോഹന്‍ലാലും അതിഥി വേഷത്തില്‍ ഗോകുല്‍ സുരേഷും എത്തുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്.