കേരളത്തിന് പ്രളയ സെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി

single-img
10 January 2019

കേരളത്തിന് പ്രളയ സെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി. ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് അനുമതി നല്‍കിയത്. ഒരു ശതമാനം നിരക്കില്‍ രണ്ട് വര്‍ഷത്തേക്ക് സെസ് പിരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിനകത്ത് മാത്രമാണ് അധിക സെസ് പിരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ദേശീയ തലത്തില്‍ ഇത്തരമൊരു സെസ് പിരിക്കാനായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന് മറ്റ് സംസ്ഥാനങ്ങള്‍ അനുകൂലമായിരുന്നില്ല. ദേശീയ തലത്തില്‍ സെസ് പിരിക്കുന്നത് അപ്രായോഗികമാണെന്നായിരുന്നു മന്ത്രിതല ഉപസമിതിയും എടുത്ത നിലപാട്.

എന്നാല്‍ കേരളത്തില്‍ മാത്രം സെസ് പിരിക്കാമെന്ന ധാരണയിലേക്ക് ഉപസമിതി എത്തിയിരുന്നു. ഇവര്‍ നല്‍കിയ ശുപാര്‍ശ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തതിന് ശേഷം രണ്ടുവര്‍ഷത്തേക്ക് സെസ് പിരിക്കാന്‍കേരളത്തിന് അനുമതി നല്‍കുകയായിരുന്നു.

ഇതിലൂടെ പ്രളയക്കെടുതി നേരിടാനായി വലിയൊരു തുക സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഏതൊക്കെ ഉത്പന്നങ്ങള്‍ക്ക് മേല്‍ നികുതി ചുമത്തണമെന്നകാര്യം ഇനി കേരളത്തിന് തീരുമാനിക്കാം. ഇക്കാര്യം ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് തോമസ് ഐസക്ക് അറിയിച്ചിരുന്നത്.

ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളും ഇന്നത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായി. ജി.എസ്.ടി രജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്തി. ഇതിനൊപ്പം സേവന മേഖലയേയും കോംപോസിഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതലാവും പുതിയ തീരുമാനം നടപ്പിലാവുക.