National

‘വിശ്വാസം’ കാണാന്‍ പണം നല്‍കിയില്ല; മകന്‍ അച്ഛനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

സിരുത്തൈ ശിവ സംവിധാനം ചെയ്ത അജിത്ത് ചിത്രം ‘വിശ്വാസം’ കാണാന്‍ ടിക്കറ്റിന് പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ ആണ് സംഭവം. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ മകന്‍ അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അതിനിടെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ രജനീകാന്ത് അജിത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. രജനീകാന്തിന്റെ ‘പേട്ട’, അജിത്തിന്റെ ‘വിശ്വാസം’ എന്നീ ചിത്രങ്ങളുടെ റിലീസ് തീയതി ഇന്നായിരുന്നു. പുലര്‍ച്ചെ നടന്ന പ്രദര്‍ശനശേഷം ഉണ്ടായ ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.