‘പോലീസിനെ ആക്രമിച്ച ഒരുത്തനും മനസമാധാനത്തോടെ കഴിയില്ല’: പരസ്യ ഭീഷണിയുമായി നെടുമങ്ങാട് ഡിവൈഎസ്പി

single-img
10 January 2019

നെടുമങ്ങാട് പൊലീസ് സ്റ്റേഷന് ബോംബെറിഞ്ഞ കേസില്‍ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി. കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് തിരുവനന്തപുരം ജില്ലാ പ്രചാരകുമായ പ്രവീണിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. മുഖ്യപ്രതിയായ പ്രവീണിനെ പിടികൂടുന്നതു വരെ സംസ്ഥാന വ്യാപകമായി റെയ്ഡുകള്‍ തുടരുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അശോകന്‍ പറഞ്ഞു.

അതേസമയം പോലീസിനെ ആക്രമിച്ചാല്‍ ആരും മനസമാധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു. ‘ഒരു കാര്യം സ്പഷ്ടമായി പറയാം, പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞിട്ട്, എസ്.ഐയേയും പോലീസുകാരെയും അടിച്ച് തലമണ്ട പൊട്ടിച്ചിട്ട് ഒരുത്തനേയും ഏതു പാര്‍ട്ടിക്കാരനായാലും മനസമാധാനത്തോടെ കഴിയാന്‍ അനുവദിക്കില്ല. ബോംബറിഞ്ഞ പ്രവീണിനെ കിട്ടുന്നതുവരെ അക്രമങ്ങളില്‍ പങ്കെടുത്തവരുടെ വീടുകളില്‍ കൃത്യമായി കേറുകയും അറസ്റ്റ് നടക്കുകയും ചെയ്യും’-അദ്ദേഹം നിലപാട് വ്യകതമാക്കി.

അക്രമങ്ങളില്‍ ഇതുവരെയായി 38 ബിജെപി പ്രവര്‍ത്തകരെയും 21 സിഐടിയു പ്രവര്‍ത്തകരും നെടുമങ്ങാട് അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് ജില്ലാ കാര്യാലത്തില്‍ പോലീസ് റെയ്ഡ് നടത്തുകയും ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.