അയോധ്യ കേസ്: ഭരണഘടനാ ബെഞ്ചില്‍ നിന്ന് യു.യു.ലളിത് പിന്മാറി; കേസ് ജനുവരി 29ലേക്ക് മാറ്റി

single-img
10 January 2019

അയോധ്യകേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്മാറി. അഭിഭാഷകനായിരിക്കേ അയോധ്യ കേസില്‍ യു.പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് വേണ്ടി ഹാജരായിട്ടുള്ളതിനാലാണ് പിന്മാറ്റം. ലളിത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് കേസ് ഈ മാസം 29 ലേക്ക് മാറ്റി. അന്ന് പുതിയ അംഗത്തെ ബഞ്ചില്‍ ഉള്‍പ്പെടുത്തും. 29ന് മുമ്പ് കക്ഷികള്‍ കേസിലെ രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ സമര്‍പ്പിക്കണം. രേഖകള്‍ വിവര്‍ത്തനം ചെയ്യാന്‍ ഔദ്യോഗിക വിവര്‍ത്തകരെ ചുമതലപ്പെടുത്തുമെന്നും കോടതി അറിയിച്ചു.

യു.യു.ലളിത് അഭിഭാഷകനായിരുന്ന സമയത്ത് ബാബ്‌റി മസ്ജിദ് തകര്‍ത്തുതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കല്യാണ്‍ സിങിനായി ഹാജരായിരുന്നുവെന്ന് മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ രാജീവ് ദിവാന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് യു.യു.ലളിത് പിന്‍മാറിയത്.

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുള്‍പ്പെട്ട ബെഞ്ച് കേസ് നേരത്തേ പരിഗണിച്ചിരുന്നെങ്കിലും അത് ഒരു ഭൂമിത്തര്‍ക്കമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വാദം കേള്‍ക്കാനായി ഭരണഘടനാ ബഞ്ചിനു രൂപം നല്‍കുകയായിരുന്നു.

യു.യു.ലളിതിനെ കൂടാതെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എന്‍.വി രമണ, യഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു ബെഞ്ച്. നേരത്തേ അലഹബാദ് ഹൈക്കോടതി അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഉത്തരവിട്ടിരുന്നു.

ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചുനല്‍കിയ വിധിക്കെതിരെ 16 ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്. രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. അതുകൊണ്ടുതന്നെ കേസില്‍ അന്തിമവിധി പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് കരുതുന്നത്.