അവാർഡ് വോട്ടെടുപ്പിലെ നടൻമാരുടെ പട്ടികയിൽ നിന്നും ദിലീപിനേയും അലന്‍സിയറിനേയും ഒഴിവാക്കി സിപിസി; ചൂഷണത്തിനായി ജനപ്രിയതയെ മുതലെടുക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്

single-img
10 January 2019

ഫേസ്ബുക്കിലെ ചലച്ചിത്രാസ്വാദകരുടെ കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ്ബിന്റെ പുരസ്‌കാര വോട്ടെടുപ്പിൽ മികച്ച നടന്‍മാരുടെ മത്സരാര്‍ത്ഥി പട്ടികയില്‍ നിന്നും  ദിലീപിനെയും അലന്‍സിയറിനെയും ഒഴിവാക്കി. ദിലീപ് നടിയെ ആക്രമിച്ച കേസും അലന്‍സിയര്‍ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ സംഭവത്തിലും കുറ്റാരോപിതനായതാണ്  സിപിസിയെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്.

മൂന്നാമത് സിപിസി അവാര്‍ഡിനുള്ള ഓണ്‍ ലൈന്‍ വോട്ടിങ് ആരംഭിച്ചതായി പ്രഖ്യാപിക്കുന്നതിനിടെയാണ് കൂട്ടായ്മ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സിനിമയടക്കമുള്ള തൊഴില്‍മേഖലകളിലെ ചൂഷകരും പീഡകരും പലപ്പോഴും പൊതു സമൂഹത്തിനു മുന്നില്‍ കുറ്റക്കാരല്ലാതാവുന്നത് അല്ലെങ്കില്‍ അവരുടെ കുറ്റങ്ങള്‍ നിസാരവല്‍ക്കരിക്കപ്പെടുന്നത് അവര്‍ പ്രതിനിധീകരിക്കുന്ന കലയുടെ മികവും അതിലൂടെ അവര്‍ നേടിയെടുത്ത ജനപ്രിയതയും കാരണമാണെന്ന് സിപിസി പ്രസ്താവിച്ചു. മലയാള സിനിമയില്‍ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളേക്കുറിച്ചും അതിക്രമങ്ങളേക്കുറിച്ചും സംബന്ധിച്ച് ഗ്രൂപ്പില്‍ വന്ന ചര്‍ച്ചകളും ഇത്തരമൊരു നീക്കത്തിന്റെ അനിവാര്യതയാണ് ചൂണ്ടിക്കാട്ടുന്നതെന്നും സിപിസി പറയുന്നു.

ചൂഷണം ചെയ്യപ്പെട്ട വ്യക്തി അനുഭവിക്കുന്ന വേദന അവിടെ ‘സിനിമയെ സിനിമയായി മാത്രം കാണുക ‘എന്ന നിലനില്പില്ലാത്ത വാദത്തില്‍ തട്ടി അവസാനിക്കുകയാണ്. പക്ഷെ കാലം എല്ലാക്കാലവും ചൂഷകര്‍ക്കൊപ്പമായിരിക്കില്ല എന്നുതന്നെയാണ് ചരിത്രം തെളിയിക്കുന്നതെന്നും വോട്ടെടുപ്പ് അറിയിച്ചുകൊണ്ടുള്ള സിപിസിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.