ദേശീയപണിമുടക്ക് രണ്ടാം ദിവസം; തിരുവനന്തപുരത്ത് വീണ്ടും ട്രെയിൻ തടഞ്ഞു

single-img
9 January 2019

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്  സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും  സംഭവബഹുലം. തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ച വേണാട് എക്‌സ്പ്രസ് സമരക്കാര്‍ തടഞ്ഞു. ഇതിനു പിന്നാലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ച നൂറോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ട്രെയിന്‍ തടയലിനെ തുടര്‍ന്ന് അഞ്ച് മണിക്ക് യാത്ര ആരംഭിക്കാനിരുന്ന വേണാട് 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. ഇന്നലെയും വേണാട് എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസും സമരക്കാര്‍ തടഞ്ഞിരുന്നു. പിന്നാലെ രപ്തിസാഗര്‍ എക്പ്രസ് കൂടി തടഞ്ഞതോടെ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പലയിടങ്ങളിലും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലയിടത്തും പ്രവര്‍ത്തിച്ചില്ലെങ്കിലും കടകമ്പോളങ്ങള്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.

അഖിലേന്ത്യാ പണിമുടക്കില്‍ പൊതുഗതാഗതം സ്തംഭിച്ചിരുന്നു. ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ് കേരളത്തില്‍ ഉണ്ടായത്. ട്രെയിനുകള്‍ തടയുകയും നിര്‍ബന്ധിതമായി കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.