തിരുവനന്തപുരത്ത് എസ്.ബി.ഐ ശാഖയില്‍ സമരക്കാരുടെ അ​ഴി​ഞ്ഞാ​ട്ടം; ഓഫീസും കംപ്യൂട്ടറും അടിച്ച്‌ തകര്‍ത്തു

single-img
9 January 2019

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ മറവില്‍ തിരുവനന്തപുരത്ത് സമരാനുകൂലികളുടെ അഴിഞ്ഞാട്ടം. സെ​ക്ര​ട്ട​റി​യേ​റ്റി​നു സ​മീ​പ​ത്ത് പ്രവര്‍ത്തിക്കുന്ന എ​സ്ബി​ഐയുടെ ട്ര​ഷ​റി ബ്രാ​ഞ്ച് ഒരു സംഘം സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു.

സെക്രട്ടേറിയറ്റിന് മുന്നില്‍ സംയുക്ത സമര സമിതിയുടെ സമരപ്പന്തലിന് സമീപത്തുള്ള ബാങ്കിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. ബാങ്കിന്റെ മുകള്‍ നിലയിലെത്തിയ സമരക്കാര്‍ ജീവനക്കാരോട് പുറത്തിറങ്ങാനും ബാങ്ക് ഇന്ന് പ്രവര്‍ത്തിക്കാനാവില്ലെന്നും അറിയിച്ചു.

ഇതനുസരിച്ച്‌ ബാങ്ക് ജീവനക്കാര്‍ പുറത്തിറങ്ങി. തുടര്‍ന്ന് ബാങ്ക് മാനേജരുടെ മുറിയിലെത്തിയ സമരക്കാര്‍ ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രകോപിതരായ സമരക്കാര്‍ മാനേജരെ കൈയ്യേറ്റം ചെയ്യുകയും മുറിയിലെ മേശയുടെ മുകളിലുണ്ടായിരുന്ന ചില്ലും കംപ്യൂട്ടറുകളും ഫോണും അടിച്ച്‌ തകര്‍ക്കുകയുമായിരുന്നു.

സംഭവത്തിന് ശേഷം സമരക്കാര്‍ ബാങ്ക് വിട്ട് ഇറങ്ങിപ്പോയെന്നും ബാങ്ക് മാനേജര്‍ പറയുന്നു. സംഭവത്തില്‍ ബാങ്ക് മാനേജര്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം നടത്തുകയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.