ചരിത്രമെഴുതി കോൺഗ്രസ്; ട്രാന്‍സ്‌ജെന്‍ഡറായ അപ്‌സര റെഡ്ഡി മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു

single-img
9 January 2019

രാജ്യത്തെ രാഷ്ട്രീയപാർട്ടികളിൽ ചരിത്രപരമായ തീരുമാനമെടുത്തു കോൺഗ്രസ്. മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ നിയമിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാധ്യമപ്രവര്‍ത്തകയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ അപ്‌സര റെഡ്ഡിയെ ആണ് മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ആയി തെരഞ്ഞെടുത്തത്.

ബാലപീഡനത്തിനിരയായവരെ സംരക്ഷിക്കുന്നതിന് വേണ്ടിയും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരുന്നതിന് വേണ്ടി നടത്തിയ ഇടപെടലുകളാണ് അപ്‌സര റെഡ്ഡിയെ ശ്രദ്ധേയയാക്കുന്നത്. മുമ്പ് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അപ്‌സര ബിജെപിയില്‍ ചേര്‍ന്നിരുന്നു. ചേര്‍ന്ന് ഒരു മാസം പിന്നിടുന്നതിന് മുമ്പേ തന്നെ ബിജെപിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. ബിജെപി വളരെ പ്രതിലോമപരവും സ്വതന്ത്ര ചിന്താഗതി പുലര്‍ത്തുന്നവര്‍ക്ക് യാതൊരു ഇടവും അനുവദിക്കാത്ത പാര്‍ട്ടിയാണെന്നായിരുന്നു ബിജെപിയില്‍ നിന്ന് രാജിവെച്ചതിന് കാരണമായി അപ്‌സര പറഞ്ഞത്.

സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും പ്രാതിനിധ്യം നല്‍കണം എന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് തന്നെ ആകര്‍ഷിക്കച്ചതെന്നു അപ്‌സര റെഡ്ഡി പറഞ്ഞു. അവകാശങ്ങള്‍ക്കും സ്ത്രീകളുടെ അഭിമാനത്തിനും യാതൊരു പ്രാധാന്യവും നല്‍കാതെ മതത്തിന് പ്രാധാന്യം നല്‍കുന്നവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. ഇന്ത്യയെ നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്ക്  വഹിച്ചത് കോൺഗ്രസ് ആണെന്നും അപ്സര ചൂണ്ടിക്കാട്ടി.