തന്ത്രിസ്ഥാനം തരാൻ പരശുരാമൻ എത്തിയ ട്രെയിനാണ് പരശുറാം എക്സ്പ്രസ് എന്ന പേരിൽ അറിയപ്പെടുന്നത്; തന്ത്രി കുടുംബത്തിൻ്റെ ശബരിമല അവകാശവാദത്തെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

single-img
9 January 2019

ശബരിമല തന്ത്രി സ്ഥാനം ബിസി 100ൽ പുരാണ കഥാപാത്രമായ പരശുരാമൻ വഴി തങ്ങൾക്ക്  സിദ്ധി ച്ചതാണെന്ന താഴമൺ മഠത്തിൻ്റെ അവകാശവാദത്തെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വരുന്നു എന്ന് ആരോപിച്ചുകൊണ്ട് താഴമണ്‍ മഠം പുറത്തുവിട്ട മാധ്യമക്കുറിപ്പില്ലാണ് ഐതിഹ്യങ്ങളെ ചരിത്രം എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം  നടത്തിയിരിക്കുന്നത്.

ബിസി 100ല്‍ പരശുരാമനാണ് തന്ത്രിയുടെ അവകാശം തന്നത് എന്ന് അവകാശപ്പെട്ട താഴമണ്‍ മഠം തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനും അവകാശമില്ല എന്ന വിചിത്രവാദവും കഴിഞ്ഞദിവസം  ഉന്നയിച്ചിരുന്നു. ശബരിമലയെപ്പറ്റി ചിന്തിക്കുമ്പോള്‍ എഡി 55 വരെ നിലയ്ക്കലായിരുന്ന താഴമണ്‍മഠത്തിന് ശബരിമലതന്ത്രം ബിസി 100 ലാണ് നല്‍കപെട്ടതെന്നും അത് ശ്രീ പരശുരാമ മഹര്‍ഷിയില്‍ നിന്നും ലഭിച്ചതാണെന്നുമാണ്  തന്ത്രി കുടുംബം അവകാശപ്പെട്ടത്. താന്ത്രികാവശം കുടുംബപരമായി കിട്ടുന്ന അവകാശം ആണെന്നും ദേവസ്വംബോര്‍ഡ് നിയമിക്കുന്നതല്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഐതിഹ്യത്തെ ചരിത്രവുമായി കൂട്ടുവാനുള്ള തന്ത്രി കുടുംബത്തിൻ്റെ ശ്രമങ്ങളെ പരിഹാസരൂപേണയാണ്  സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ബിസി100ൽ പരശുരാമൻ വഴിയാണ് തന്ത്രിസ്ഥാനം കിട്ടിയതെങ്കിൽ അതിനും നൂറ്റാണ്ടുകൾക്ക് ശേഷം കേരളത്തിലെത്തിയ പന്തളം രാജകുടുംബം എങ്ങനെ അയ്യപ്പൻ്റെ  പിതൃത്വ അവകാശം ഉണ്ടാകുമെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

പരശുരാമൻ മഴു എറിഞ്ഞാണ് കേരളം സൃഷ്ടിച്ചത് എന്ന പഴങ്കഥയുടെ ബാക്കിയാണ് തന്ത്രി കുടുംബത്തിലെ പ്രസ്തുത അവകാശത്തിലൂടെ പുറത്താക്കുന്നതെന്നും സോഷ്യൽമീഡിയ പറയുന്നു.  ഇത്തരം കെട്ടുകഥകളെ ചരിത്രമായി അവതരിപ്പിക്കുന്നതിനെതിരെ വിമർശനവും സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്.

പലരും സോഷ്യൽ മീഡിയയിലൂടെ തന്ത്രി കുടുംബത്തിൻ്റെ അവകാശവാദത്തെ പരിഹാസരൂപേണയാണ് സമീപിക്കുന്നത്.  സ്വന്തം കുടുംബത്തിന് തന്ത്രിസ്ഥാനം കൈമാറാൻ പരശുരാമൻ എത്തിയത് ട്രെയിനിൽ ആണെന്നും പിൽക്കാലത്ത് പരശുറാം എക്സ്പ്രസ്സ് എന്ന പേരിൽ അറിയപ്പെട്ടതെന്നും  പലരും പരിഹസിക്കുന്നുണ്ട്.