മൊബൈൽഫോൺ കൊണ്ട് ഒരു പ്രളയത്തെ അതിജീവിച്ചവരാണ് നമ്മൾ; അതിജീവനത്തിനായി പൊരുതുന്ന ആലപ്പാട്ടെ ജനങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട്

single-img
9 January 2019

അതിജീവനത്തിനായി പൊരുതുന്ന കൊല്ലം ആലപ്പാട് പ്രദേശവാസികള്‍  ഒടുവിൽ രണ്ടു കൽപ്പിച്ച് രംഗത്തിറങ്ങിയിരിക്കുന്നു. ഒരു ഗ്രാമം ഒന്നാകെ വിസ്മൃതിയിലേക്ക് മറയുന്ന  ഘട്ടത്തിൽ അവർക്ക് കൈത്താങ്ങാകേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്. പ്രളയ ജലത്തെ വകഞ്ഞുമാറ്റി ഒറ്റപ്പെട്ടവർക്കു മുന്നിൽ ദൈവദൂതരായി അവതരിച്ച്  അവർക്ക് പുതുജീവിതം നൽകിയ മത്സ്യത്തൊഴിലാളി കുടുംബങ്ങളും അവിടുത്തെ മറ്റു ജീവജാലങ്ങളും ഇനി എന്താണ് വേണ്ടതെന്നറിയതെ നിൽക്കുന്ന അവസ്ഥയിൽ അവർക്കൊപ്പം നിൽക്കുകയെന്നുള്ളത് ഓരോ മലയാളിയുടെയും കടമയാണ്. ഇവർക്ക് ആശ്വാസമേകി സോഷ്യൽ മീഡിയ സർവ്വസന്നാഹങ്ങളുമായി രംഗത്തെത്തിയിരിക്കുന്ന  ഈ അവസരത്തിൽ ഞങ്ങളും അവർക്കൊപ്പം ചേരുന്നു. .

പൊതുമേഖല കമ്പനി ഇന്ത്യന്‍ റെയര്‍ എര്‍ത്ത് (ഐആര്‍ഇ) കരിമണല്‍ ഖനനം തുടരുന്നതിനെതിരെ പ്രദേശവാസികൾ നടത്തിവന്ന നിരാഹാര സമരം തുടരുകയാണ്.  കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച റിലേ നിരാഹാര സമരം 67 ദിവസങ്ങളില്‍ പിന്നിട്ടുകഴിഞ്ഞു. കരിമണല്‍ ഖനനം ആലപ്പാടും പരിസര പ്രദേശങ്ങളും തകര്‍ക്കുകയാണെന്നും എത്രയും വേഗം ഖനനം അവസാനിപ്പിക്കണമെന്നുമുള്ള  ആവശ്യം മുന്നിൽവച്ചാണ് നാട്ടുകാർ സമരം ചെയ്യുന്നതെങ്കിലും ഖനനം നിര്‍ത്തുന്നതിനെക്കുറിച്ച് ഒരു തീരുമാനവും ഐആര്‍ഇ എടുത്തിട്ടില്ല.

കൊല്ലം കരുനാഗപ്പള്ളിക്ക് അടുത്തുള്ള തീരദേശമേഖലയിൽ  സ്ഥിതിചെയ്യുന്ന 1960കളില്‍ ആരംഭിച്ച മണല്‍ ഖനനം ഗുരുതരമായ രീതിയില്‍ ആലപ്പാടിനെ ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ആലപ്പാട് പഞ്ചായത്തിലും തൊട്ടടുത്തുള്ള പന്മനയിലും നടക്കുന്ന കരിമണല്‍ ഖനനം അശാസ്ത്രീയമാണെന്നു വ്യക്തമാക്കി നിരവധി സാമൂഹിക പ്രവർത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇല്‍മെനൈറ്റ്, മോണോസൈറ്റ്, ബ്രൗണ്‍ ഇല്‍മെനൈറ്റ്, സിര്‍കോണ്‍ തുടങ്ങിയ രാസവസ്‍തുക്കള്‍ അടങ്ങിയ മണലാണ് കൊല്ലം തീരത്തുള്ളത്. വ്യാവസായികമായി വലിയ ഡിമാന്‍ഡ്‍ ഉള്ള ഈ മണല്‍ ഖനനം ചെയ്യുന്നതില്‍ സർക്കാരുകൾ ശ്രദ്ധയൂന്നുമ്പോൾ  അപകടത്തിലാകുന്നത് ഇവിടത്തെ താമസക്കാരുടെ ജീവിതമാണ്.

1955ല്‍ തയാറാക്കിയ ഒരു ലിതോഗ്രഫിക് ഭൂപടം അനുസരിച്ച് ആലപ്പാട് 89.5 ചതുരശ്ര കിലോമീറ്റര്‍ ആണ് വിസ്‍തൃതി ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വീണ്ടും നടത്തിയ അളവ് അനുസരിച്ച് വെറും 8.9 ചതുരശ്ര കിലോമീറ്ററായി ഇത് ചുരുങ്ങി. ഖനനശേഷം ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങള്‍ കടല്‍ വിഴുങ്ങുകയാണെന്നു തെളിവു നിരത്തി നാട്ടുകാർ  വ്യക്തമാക്കുന്നു.

ഇപ്പോള്‍ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് ഒരു രാഷ്ട്രീയ കക്ഷിയുടെയും പിന്തുണയില്ല. ഖനനത്തിൻ്റെ ഭാഗമായി ഇതിനോടകം ആലപ്പാട് വാസയോഗ്യമല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും സ്വസ്ഥമായി ജീവിതത്തിന് സമ്പൂര്‍ണമായി ഖനനം നിര്‍ത്തണമെന്നാണ്  നാട്ടുകാരുടെ ആവശ്യം.

ദശാബ്‍ദങ്ങള്‍ക്ക് മുന്‍പ് ആലപ്പാട് 17 കിലോമീറ്റര്‍ ദൈര്‍ഘ്യം കരയ്‍ക്കുണ്ടായിരുന്നു. ഏതാണ്ട് 200-50 മീറ്റര്‍വരെയായിരുന്നു വീതി. ഇപ്പോള്‍ കടല്‍ വിഴുങ്ങിയശേഷം 20 മീറ്റര്‍വരെ മാത്രമാണ് പലയിടങ്ങളിലും വീതിയെന്നും  സമരത്തിൽ പങ്കെടുക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം 20,000 ഏക്കര്‍ സ്ഥലം ഖനനത്തിലൂടെ നഷ്‍ടമായെന്നാണ് കണക്കുകൂട്ടല്‍. മൂക്കുംപുഴ, പനക്കട തുടങ്ങിയ പാടശേഖരങ്ങളും തുടര്‍ച്ചയായ ഖനനത്തിലൂടെ പൂര്‍ണമായും നശിച്ചു.

തീരദേശപരിപാലന നിയമം പൂര്‍ണമായും ലംഘിച്ചാണ് ഐആര്‍ഇ ഖനനം നടത്തുന്നതെന്നാണ്  നാട്ടുകാരുടെ വാദം. തങ്ങളുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യധാര മാധ്യമങ്ങൾക്കെതിരെയും നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്. സമരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിരന്തരം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും സമഗ്രമായി ആലപ്പാടിനെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.