പാണ്ഡ്യയ്ക്കും രാഹുലിനുമെതിരേ ബി.സി.സി.ഐ നടപടിയെടുത്തേക്കും: ലൈംഗിക പരാമർശങ്ങളിൽ മാപ്പുചോദിച്ച് പാണ്ഡ്യ

single-img
9 January 2019

 ‘കോഫി വിത്ത് കരൺ’ എന്ന സ്വകാര്യ ടെലിവിഷൻ പരിപാടിക്കിടെ നടത്തിയ വെളിപ്പെടുത്തലുകൾ വൻവിവാദമായതോടെ പാണ്ഡ്യക്കും ലോകേഷ് രാഹുലിനുമെതിരെ ബി.സി.സി.ഐ നടപടിയെടുത്തേക്കും. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ബി.സി.സി.ഐ ഇരുവരോടും വിശദീകരണം ചോദിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ് അറിയിച്ചു. ഇത്തരത്തിലുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് താരങ്ങളെ വിലക്കുന്നതുൾപ്പെടെയുള്ള നടപടികൾ ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. ഓസ്ട്രേലിയയിൽ ഏകദിന പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീമിനൊപ്പമാണ് നിലവിൽ ഹാർദിക് പാണ്ഡ്യയും ലോകേഷ് രാഹുലുമുള്ളത്.

പാണ്ഡ്യ നടത്തിയ വിവാദ പ്രസ്താവനകളില്‍ നടപടി വേണമെന്ന് ബി.സി.സി.ഐയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബി.സി.സി.ഐയേയും ഇന്ത്യന്‍ ക്രിക്കറ്റിനെയും അപമാനിക്കുന്നതാണ് പാണ്ഡ്യയുടെ പ്രതികരണങ്ങള്‍. മാപ്പു പറച്ചില്‍ ഇതിനൊരു പരിഹാരമല്ല. യുവ തലമുറയ്ക്ക് മാതൃകയാകാന്‍ താരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.സി.സി.ഐയിലെ ഒരു ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനം ശക്തമായതോടെ ഹര്‍ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തു.

പാണ്ഡ്യ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്

‘കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ ഞാൻ‌ നടത്തിയ പരാമർശങ്ങൾ ആരെയെങ്കിലും ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു. സത്യസന്ധമായി പറഞ്ഞാൽ, ആ അഭിമുഖത്തിനിടെ അൽപം ആവേശം കൂടിപ്പോയി. അവിടെ നടത്തിയ പരാമർശങ്ങളിലൂടെ ആരെയെങ്കിലും വേദനിപ്പിക്കാനോ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്താനോ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ബഹുമാനം മാത്രം.’

തനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ഷോയില്‍ ഹാര്‍ദിക് തുറന്നു സമ്മതിച്ചിരുന്നു. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളില്‍ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ലെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. തനിക്ക് 18 വയസുള്ളപ്പോള്‍ മുറിയില്‍ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയ സംഭവമാണ് രാഹുല്‍ തുറന്നു പറഞ്ഞത്.