ഒമാനിൽ മലയാളികളടക്കം നിരവധിപേര്‍ക്ക് ജോലി നഷ്ടമാകും

single-img
9 January 2019

ആരോഗ്യ മേഖല സമ്പൂർണമായി സ്വദേശിവത്കരിക്കുവാൻ ഒരുങ്ങി ഒമാൻ സർക്കാർ. ഫാർമസിസ്റ്റ് തസ്തിക പൂർണമായും സ്വദേശികൾക്കായി നീക്കി വെക്കുവാൻ നിർദ്ദേശം. ആരോഗ്യ മന്ത്രാലയത്തിലെ സ്വദേശിവത്കരണ നിരക്ക് 70 ശതമാനമായി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.

2017 ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ആരോഗ്യമന്ത്രാലയത്തിനുകീഴിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ 38 ശതമാനവും സ്വദേശികളാണ്. 1990-ൽ സ്വദേശി ഡോക്ടർമാർ ഒമ്പത് ശതമാനം മാത്രമായിരുന്നു. നഴ്‌സുമാരുടെ എണ്ണം 12 ശതമാനത്തിൽ നിന്നും 62 ശതമാനമായി ഉയർന്നു.

അതേസമയം, സ്വകാര്യ ആരോഗ്യമേഖലയിലെ ഡോക്ടർമാരിൽ 25 ശതമാനവും സ്വദേശികളാണ്. ദന്ത ഡോക്ടർമാരിലും ഫാർമസിസ്റ്റുകളിലും 73 ശതമാനവും സ്വദേശികൾതന്നെയാണ്. സ്വകാര്യ ആരോഗ്യ മേഖലയിലെ ആകെ സ്വദേശിവത്കരണ നിരക്ക് ഒമ്പത് ശതമാനമാണ്. സ്വകാര്യമേഖലയിൽ തൊഴിലാളികളുടെ എണ്ണം 12,343 ആണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വാർഷിക കണക്കുകൾ വ്യക്തമാക്കുന്നു.

ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്തു വരുന്ന ബിരുദ ധാരികളയായ വിദേശ ഫാർമസിസ്റ്റുകളുടെ വിസകൾ മാത്രമേ മന്ത്രാലയം ഇപ്പോൾ പുതുക്കി നൽകുന്നുള്ളു. ഈ തസ്തികയിലേക്കുള്ള പുതിയ നിയമനങ്ങളില്‍ എല്ലാം സ്വദേശികൾക്കു മാത്രമായി നീക്കി വെച്ചുകൊണ്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് മന്ത്രാലയത്തിന്‍റെ തീരുമാനം. ഉടൻ തന്നെ നൂറോളം സ്വദേശി ഫർമസിസ്റ്റുകൾക്കു പൊതു മേഖലയിൽ നിയമനം നൽകും.

ആരോഗ്യ മന്ത്രാലയം അവസാനം പുറത്തിറക്കിയ കണക്കു പ്രകാരം സ്വദേശിവത്കരണ നിരക്ക് 70 ശതമാനം എത്തിയതായാണ് റിപ്പോർട്ട്. ഒമാനിലെ വിവിധ സർവകലാശാലകളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി സ്വദേശി വിദ്യാർഥികൾ ആണ് വ്യത്യസ്ത മെഡിക്കൽ കോഴ്‌സുകൾ പൂർത്തിയാക്കി രാജ്യത്തെ തൊഴിൽ വിപണിയെ ആശ്രയിക്കുന്നത്.

ഇതുമൂലം ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന മലയാളികൾ ഉൾപെടെ ധാരളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. സ്വദേശിവത്കരണം പൊതുമേഖലയില്‍ പുരോഗമിക്കുമ്പോഴും, സ്വകാര്യ ആരോഗ്യ മേഖലയിലും സ്വദേശി ജീവനക്കാരുടെ എണ്ണത്തിലും വൻ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ മറ്റു 19 തസ്തികകളിലും സ്വദേശികളെ നിയമിക്കുവാനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു.