നഷ്ടത്തിലാണെങ്കില്‍ അടച്ചു പൂട്ടിക്കൂടെ എന്നു കോടതി ചോദിച്ച ദിനം വരുമാനത്തിൽ റെക്കോർഡിട്ട് കെഎസ്ആർടിസി; കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ചത് എട്ടുകോടി 54 ലക്ഷം

single-img
9 January 2019

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമായ 8,54,77,240 രൂപ നേടി കെഎസ്ആര്‍ടിസി റെക്കോര്‍ഡിട്ടു. നഷ്ടത്തിലാണെങ്കില്‍ അടച്ചു പൂട്ടിക്കൂടെയെന്ന് സുപ്രീം കോടതി ചോദിച്ച അതേ ദിവസം തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടി കെഎസ്ആര്‍ടിസി റെക്കോർഡിട്ടത്.

സ്വകാര്യ ബസുകള്‍ പണിമുടക്കിയ കഴിഞ്ഞ ഫെബ്രുവരി 19-ന് നേടിയ 8,50,68,777 രൂപയായിരുന്നു മുന്‍ റെക്കോഡ്. എന്നാല്‍ തിങ്കളാഴ്ച സ്വകാര്യ ബസുകള്‍ ഉണ്ടായിട്ടും താത്കാലിക കണ്ടക്ടര്‍മാരടക്കം ജീവനക്കാരുടെ കുറവുണ്ടായിട്ടും വരുമാനം ഉയര്‍ന്നു. 4070 താത്കാലിക കണ്ടക്ടര്‍മാരെ ഒഴിവാക്കിയതിനു ശേഷം ബസ് സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ വരുമാനം വര്‍ധിക്കുന്നത് മാനേജ്മെന്റിന് ആശ്വാസമാകുകയാണ്.

ഹര്‍ത്താലില്‍ അക്രമികള്‍ തകര്‍ത്ത 100 ബസുകളുമായി തിരുവനന്തപുരം നഗരത്തില്‍ വിലാപയാത്ര നടത്തി ഒരാഴ്ച പിന്നിടും മുന്‍പാണ് വരുമാനത്തില്‍ റെക്കോര്‍ഡിട്ടിരിക്കുന്നത്. സ്വകാര്യ ബസ് സമരം നടന്നപ്പോള്‍ 18,50,000 കിലോമീറ്ററാണ് ഓടിയത്. 5,558 ബസുകള്‍ നിരത്തിലിറങ്ങി. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമായി 19,000 ജീവനക്കാരുണ്ടായിരുന്നു.എന്നാല്‍, തിങ്കളാഴ്ച 17,00,000 കിലോമീറ്ററാണ് ഓടിയത്. 5,072 ബസുകള്‍ നിരത്തിലിറങ്ങി. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമായി 16,450 ജീവനക്കാരാണുണ്ടായിരുന്നത്.

ജീവനക്കാരുടെ താല്‍ക്കാലിക സേവനകാലാവധിയും പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് ഭീമമായ നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടെയെന്ന് ചോദിച്ചത്. ഇതിനുള്ള മറുപടി ആയിരുന്നു കഴിഞ്ഞദിവസങ്ങളിൽ കെഎസ്ആർടിസി വരുമാന വർദ്ധനവിലൂടെ നൽകിയത്.