ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു; രാഷ്ട്രപതിഭരണം ആവശ്യപ്പെട്ടില്ല

single-img
9 January 2019

ശബരിമലയില്‍ യുവതീപ്രവേശനത്തെത്തുടര്‍ന്നുണ്ടായ ക്രമസമാധാനപ്രശ്നങ്ങള്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെട്ട സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും രാഷ്ട്രപതിയുടെ ഭാഗത്തുനിന്ന് ഉചിതമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങള്‍ ഒന്നും തന്നെ നല്‍കാതെ സ്റ്റാലിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തുകയാണെന്ന കാര്യം രാഷ്ട്രപതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം വേണ്ട നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടും രാഷ്ട്രപതിക്ക് കൈമാറി. കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ലോക്സഭയില്‍ ബി.ജെ.പി. അംഗം നിഷികാന്ത് ദുബെ ആവശ്യപ്പെട്ടതിനു വിപരീതമായി രാഷ്ട്രപതിഭരണം എന്ന ആവശ്യമേ ഉന്നയിച്ചിട്ടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ഈ മാസം 22ന് സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടിനുശേഷം ഓര്‍ഡിനന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ നിലപാടെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.