വിശ്വാസവും മതവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആലപ്പാട് സമരം കാണാതെ പോകരുത്: അശാസ്ത്രീയ കരിമണൽ ഖനനത്തിനെതിരെ സമരംചെയ്യുന്ന ആലപ്പാട്ടെ ജനങ്ങൾക്ക് പിന്തുണയുമായി നടൻ പൃഥ്വിരാജ്

single-img
9 January 2019

കൊല്ലം ജില്ലയിലെ ആലപ്പാട്ടെ അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന ജനകീയസമരത്തിന് പിന്തുണയുമായി നടന്‍ പൃഥിരാജ്  രംഗത്ത്. വിശ്വാസവും മതവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആലപ്പാട് സമരം കാണാതെ പോവരുതെന്ന് പൃഥിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രൈംടൈം ഡിബേറ്റുകളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോവരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഇവരുടെ അവസ്ഥയെ കുറിച്ച് പറയാന്‍ ഏറെ പ്രയാസമുണ്ട്. അവിടെ താമസിക്കുന്നവരുടെ ചിത്രം അതിദയനീയമാണ്.  നമ്മള്‍ ഉയര്‍ത്തുന്ന ഈ ശബ്ദം കൂട്ടായ ശബ്ദമായി മാറുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് പൃഥിരാജ് പറഞ്ഞു. ജനകീയ പോരാട്ടത്തിനൊടുവില്‍ അധികതര്‍ക്ക് കണ്ണുതുറക്കാതിരിക്കാനാവില്ലെന്ന് സേവ് ആലപ്പാട് ഹാഷ് ടാഗില്‍ പൃഥി ഫേസ്ബുക്കില്‍ കുറിച്ചു.

ആലപ്പാട് നടക്കുന്ന അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികല്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടന്‍മാരായ ടൊവിനോയും സണ്ണി വെയ്‌നും രംഗത്തെത്തിയിരുന്നു.  ‘സോഷ്യല്‍ മീഡിയയില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഹാഷ് ടാഗ് കാമ്പെയിനാണ് സേവ് ആലപ്പാട്. എനിക്കതില്‍ നടപടി എടുക്കാന്‍ സാധിക്കില്ലായിരിക്കും. പക്ഷേ എനിക്ക് ചെയ്യാവുന്ന കാര്യം അത് ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുത്തുകയാണ്. ചിലപ്പോള്‍ ഞാന്‍ ഒരു പൊതുവേദിയില്‍ പറഞ്ഞാല്‍ ഇത് കൂടുതല്‍ ആളുകള്‍ അറിയുമായിരിക്കും’. എന്നായിരുന്നു ടോവിനോ പ്രതികരിച്ചത്.

‘കേരളം പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ ഓടിയെത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന തീരദേശത്തുള്ളവര്‍. ഇന്ന് ആ തീരദേശഗ്രാമം വലിയൊരു പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്നു. ഞാന്‍ അവരോടൊപ്പമുണ്ട്. നിങ്ങളുമുണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നു. സ്‌റ്റോപ്പ് മൈനിങ്, സേവ് ആലപ്പാട്.’  സണ്ണി വെയ്ൻ വ്യക്തമാക്കി.