സ്കൈപ്പ് ഉപയോഗിക്കുന്നവർ ജാഗ്രതൈ !

single-img
8 January 2019

വീഡിയോ ചാറ്റിങ്ങിനായി ആളുകൾ ഏറ്റവും അധികം ആശ്രയിക്കുന്ന സ്കൈപ്പിൽ സുരക്ഷാ പാളിച്ചയുള്ളതായി റിപ്പോര്‍ട്ട്‌. സ്‌കൈപ്പിന് ആന്‍ഡ്രോയിഡ് ഫോണുകളുടെ ലോക്ക് കോഡ് മറികടക്കാന്‍ സാധിക്കുമെന്നും അതുവഴി ഫോണിലെ ആപ്ലിക്കേഷനുകളിലേക്കും, ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, ബ്രൗസറുകള്‍ എന്നിവയിലേക്ക് മറ്റൊരാള്‍ക്ക് കടന്നുകയറാന്‍ അവസരം ഒരുക്കുകയും ചെയ്യുമെന്നുമാണ് കണ്ടെത്തല്‍.

ലളിതമായി പറഞ്ഞാല്‍ സ്‌കൈപ്പ് ആപ്പ് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഫോണിലേക്ക് കടന്നുകയറാന്‍ സാധിക്കും. യൂറോപ്പിലെ കോസോവോ സ്വദേശി ഫ്ളോറിയൻ കുനുഷേവ്സിയാണ് തട്ടിപ്പിന്റെ ആധികാരികമായ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഒരു വീഡിയോയിലൂടെയാണ് തട്ടിപ്പ് നടക്കുന്നതെങ്ങനെയെന്ന് ഇദ്ദേഹം വ്യക്തമാക്കിയത് . സ്‌കൈപ്പ് കോളിനിടയില്‍ ഫോണ്‍ അണ്‍ലോക്ക് ആക്കാതെ തന്നെ ഫോണിലെ ഉള്ളടക്കങ്ങള്‍ കാണാനും ഉപയോഗിക്കാനും സാധിക്കുമെന്ന് വീഡിയോ വ്യക്തമാക്കുന്നു.

സന്ദേശങ്ങള്‍ അയക്കുക, കോണ്‍ടാക്റ്റുകള്‍ കാണുക, ചിത്രങ്ങള്‍ കാണുക, ബ്രൗസര്‍ തുറക്കുക തുടങ്ങിയവ ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചുതരുന്നുണ്ട്. സ്‌കൈപ്പ് ആപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ നമ്പര്‍ 8.15.0.416 ല്‍ പെട്ട എല്ലാ സ്‌കൈപ്പ് ആപ്പുകളിലും ഈ പ്രശ്‌നം നേരിട്ടിരുന്നു.  വാർത്തയോടു ഇതുവരെ മൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ല.