ധോണിയെയും മറികടന്ന് റിഷഭ് പന്തിന് ചരിത്രനേട്ടം
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ പുതുചരിത്രമെഴുതി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ഏറ്റവും പുതിയ റാങ്കിങ്ങിൽ 21 സ്ഥാനങ്ങൾ കയറി 17–ാം സ്ഥാനത്തെത്തി. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും മികച്ച റാങ്കിങ്ങാണിത്.
മുൻപ് 17–ാം റാങ്കിലെത്തിയിട്ടുള്ള ഏക ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഫാറൂഖ് എൻജീനിയർ മാത്രം. അതും 1973ൽ! ഈ നേട്ടത്തിന് അര നൂറ്റാണ്ടു പ്രായമാകാൻ അഞ്ചു വർഷത്തിൽ താഴെ മാത്രം ശേഷിക്കെയാണ് പന്തിന്റെ സൂപ്പർ താരോദയം. പന്തിന്റെ മുന്‍ഗാമിയായ എംഎസ് ധോണി ടെസ്റ്റ് കരിയറില്‍ 19-ാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ 59-ാം സ്ഥാനത്തായിരുന്നു പന്ത്.
അതേസമയം, റേറ്റിങ് പോയിന്റിൽ പന്ത് എൻജീനീയറെയും പിന്തള്ളി. വെറും ഒൻപതു ടെസ്റ്റുകൾ കളിച്ച പന്തിന്റെ റേറ്റിങ് പോയിന്റ് 673 ആണ്. 662 റേറ്റിങ് പോയിന്റു വരെ നേടിയിട്ടുള്ള സാക്ഷാൽ എം.എസ്. ധോണിയും 619 പോയിന്റു വരെ നേടിയിട്ടുള്ള ഫാറൂഖ് എന്‍ജിനീയറും പന്തിന്റെ കുതിപ്പിൽ നിസാരരായി! ഇതോടെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഏഴരപ്പതിറ്റാണ്ടു പിന്നിട്ട ചരിത്രത്തിൽ 650 റേറ്റിങ് പോയിന്റ് കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറുമായി പന്ത്.