ബിജെപി ‘നീക്കം’ ഏറ്റു; പിണറായി ഉദ്ഘാടനം ചെയ്യാനിരുന്ന കൊല്ലം ബൈപ്പാസ് മോദി തന്നെ ഉദ്ഘാടനം ചെയ്യും

single-img
8 January 2019

വിവാദങ്ങള്‍ക്കൊടുവില്‍ കൊല്ലം ബൈപ്പാസ് ഈ മാസം 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ അറിയിച്ചു.  ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 5.20 ന് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് വിവരം.

ജനുവരി 15 ന് പ്രധാനമന്ത്രി കേരളത്തിലെത്തുമെന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പങ്കെടുക്കുന്ന പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഡിജിപിയുടെ ഓഫീസ് പറയുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ക്ഷണിക്കാതെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുന്നത് ശരിയല്ലെന്ന് ഇടതു എംഎല്‍എമാര്‍ നിലപാടെടുത്തിരുന്നു. ഉദ്ഘാടനച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുന്നതിനിടെയാണ് മോദി തന്നെ എത്തുമെന്ന് ഉറപ്പാകുന്നത്.

ബി.ജെ.പി. യുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് നടക്കുക തന്നെ ചെയ്യുമെന്നാണ് ബിജെപി പറയുന്നത്. ബൈപ്പാസ് ഉദ്ഘാടനത്തിന് സജ്ജമായിക്കഴിഞ്ഞെന്ന് നിര്‍മാണച്ചുമതലയുള്ള കരാറുകാര്‍ പറഞ്ഞു. നാലുദിവസത്തെ ചെറിയ ജോലികള്‍മാത്രമേ അവശേഷിക്കുന്നുള്ളൂ.

അടുത്ത മാസമേ ബൈപ്പാസിന്റെ ഉദ്‌ഘാടനം നടക്കൂ എന്നാണ് തിങ്കളാഴ്ച്ച മാധ്യമങ്ങളെ മന്ത്രി മേഴ്സി കുട്ടിയമ്മ അറിയിച്ചത്. ബൈപ്പാസില്‍ പോസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

സംസ്ഥാനസര്‍ക്കാരും കേന്ദ്രവും 50:50 അനുപാതത്തില്‍ പണം ചെലവഴിച്ചാണ് ബൈപ്പാസ് പൂര്‍ത്തിയാക്കിയത്. കേന്ദ്രസര്‍ക്കാരിനോടുപോലും ആലോചിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം പ്രഖ്യാപിച്ചതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ആരോപിച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ടപ്പോള്‍ ജനുവരിയില്‍ ഉദ്ഘാടനം നടത്താമെന്ന് സമ്മതിച്ചിരുന്നതായാണ് അദ്ദേഹം പറഞ്ഞത്.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബൈപ്പാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്നായിരുന്നു എന്‍.കെ.പ്രേമചന്ദ്രനും യു.ഡി.എഫും ആരോപിച്ചത്. ബൈപ്പാസിന്റെ വശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചശേഷം ഉദ്ഘാടനം നടത്തിയാല്‍മതിയെന്ന് മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചതാണ് വിവാദമായത്. കല്ലുംതാഴംമുതല്‍ മേവറംവരെയുള്ള ഭാഗത്ത് തെരുവുവിളക്കില്ലാതെതന്നെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് യു.ഡി.എഫ്. ചൂണ്ടിക്കാട്ടിയത്.

തുടര്‍ന്നാണ് ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി ജി.സുധാകരന്‍ പ്രഖ്യാപിച്ചത്. ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയത് ഇടതുസര്‍ക്കാരിന്റെ ശ്രമഫലമായാണെന്നായിരുന്നു എല്‍.ഡി.എഫിന്റെ വാദം. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് മുടങ്ങിക്കിടന്ന നിര്‍മാണജോലികള്‍ ആരംഭിച്ചതെന്നുമായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. പണത്തിന്റെ മുഖ്യപങ്കും അനുവദിച്ചത് ഈ സര്‍ക്കാര്‍ വന്നശേഷമാണെന്നായിരുന്നു അവരുടെ വാദം.