പ്രയാർ ഗോപാലകൃഷ്ണൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയിൽ: തിരുവനന്തപുരത്ത് ശ്രീധരൻപിള്ള

single-img
8 January 2019

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ  ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും എന്‍ഡിഎ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉണ്ടാവുമെന്ന് ബിജെപി കേന്ദ്ര ആസ്ഥാനത്തെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സമകാലിക മലയാളമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടും പ്രക്ഷോഭങ്ങള്‍ക്കു പിന്തുണയുമായി മുന്നില്‍ നിന്നതും പ്രായാറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തുഷാര്‍ വെള്ളാപ്പള്ളി ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിയാവാനാണ് സാധ്യത. അതേസമയം മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിന്റെ പേരും ആറ്റിങ്ങലില്‍ പരിഗണനയിലുണ്ട്.

എന്നാൽ ബിഡിജെൻ്റ  മുന്നണിയിലെ നിലനിൽപ്പ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.  ഈ തീരുമാനത്തിൽ ആയിരിക്കും ബിഡിജെഎസ് സീറ്റുകൾ വീതം വയ്ക്കുമെന്നാണ്  സൂചനകൾ.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാധ്യകള്‍ അറിയാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഒരു ദേശീയ ഏജന്‍സി വഴി സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേയിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം. വിവിധ സാമുദായി നേതൃത്വവുമായുള്ള പിള്ളയുടെ അടുപ്പം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും തൃശൂരില്‍ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും സുരേന്ദ്രനു തന്നെയാണ് സാധ്യതയെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മറ്റു ജനറല്‍ സെക്രട്ടറിമാരായ എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും പട്ടികയിലുണ്ടെങ്കിലും മണ്ഡലത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ.