ഹര്‍ത്താല്‍ അക്രമത്തിലെ നഷ്ടം; ബിജെപിക്കും ആർഎസ്എസിനും ഹൈക്കോടതിയുടെ നോട്ടീസ്

single-img
8 January 2019

ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ ബിജെപി പിന്തുണയോടെ ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താലിൽ ബിജെപിക്കും ആർഎസ്എസിനും ഹൈക്കോടതിയുടെ നോട്ടീസ്.  അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ഈടാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബിജെപിക്കും ശബരിമല കര്‍മസമിതിക്കും, ആര്‍എസ്എസിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഏഴ് ദിവസം മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു.

ഹര്‍ത്താലില്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ച സാഹചര്യത്തില്‍ ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നിലയ്ക്കലിലും മറ്റും നെയിംപ്ലേറ്റില്ലാതെ പൊലീസുകാരെ നിയോഗിച്ചത് സംബന്ധിച്ചും നിലയ്ക്കലിൽ നിന്ന് പമ്പ വരെ മനീതി സംഘത്തെ പൊലീസ് വാഹനത്തിൽ കൊണ്ടുപോയത് ചോദ്യം ചെയ്തുളള ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു.

ബി.ജെ.പി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, കെ എസ് രാധാകൃഷ്ണന്‍, ഡോ. ടി.പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍,  പി ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, പി.കെ കൃഷ്ണദാസ്, ഒ.രാജഗോപാല്‍, പി.ഇ.ബി മേനോന്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹർജി.