പണിമുടക്ക് ഹര്‍ത്താലായി; ട്രെയിനുകള്‍ തടഞ്ഞു, ജീവനക്കാരെ തടയുന്നു, കെഎസ്ആര്‍ടിസി സര്‍വീസുകളും മുടങ്ങി

single-img
8 January 2019

യാത്രക്കാരെയും ജീവനക്കാരെയും വലച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്ക്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുന്നില്ല. പമ്പയിലേക്കുള്ള കെഎസ്ആര്‍ടി സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍ തടഞ്ഞു, ഇതോടെ പല ട്രെയിനുകളും വൈകിയോടുകയാണ്. ചില ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുണ്ട്.

കൊച്ചി തുറമുഖത്തും ചേളാരി ഐഒസി പ്ലാന്‍റിലും ജീവനക്കാരെ തടഞ്ഞു. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലും ജീവനക്കാരെ തടഞ്ഞു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സര്‍വീസ് നടത്താനെത്തിയ ഓട്ടോറിക്ഷകളെ സര്‍വീസ് നടത്താന്‍ സമരാനുകൂലികള്‍ അനുവദിച്ചില്ല.

സ്വകാര്യബസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ജോലിക്കെത്തേണ്ടവരും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെടേണ്ടവരും വഴിയിൽ കുടുങ്ങി. ബസ് സ്റ്റാൻഡുകളിൽ ഒട്ടേറെപ്പേരാണു കുടുങ്ങിയിരിക്കുന്നത്. ട്രെയിനിലും വിമാനത്തിലും നാട്ടിലെത്തിയവരിൽ പലരും സ്വദേശത്തേക്കു പോകാൻ വാഹനമില്ലാതെ വിഷമിക്കുകയാണ്. പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുകയാണ്.

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തുടങ്ങിയത്. പാല്‍, പത്രവിതരണം, ആശുപത്രികള്‍, ടൂറിസം, ശബരിമല തീര്‍ഥാടനം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെന്‍ഷനും കൂട്ടുക, ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പത്തു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് തടയുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരസമിതി പണിമുടക്ക് നടത്തുന്നത്.