‘മോദിയുടേത് രാഷ്ട്രീയതന്ത്രം’; സാമ്പത്തിക സംവരണ ബില്ലിൽ നിലപാട് മാറ്റി സിപിഎം

single-img
8 January 2019

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സംവരണ തീരുമാനത്തിൽ വിമർശനമുന്നയിച്ച് സിപിഎം. ബില്ല് പാസ്സാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പാർലമെന്‍റിൽ സിപിഎം ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും.

എട്ടു ലക്ഷം വരുമാനപരിധി വച്ചത് തീരുമാനത്തിന്റെ അന്തസ്സത്ത അട്ടിമറിക്കുമെന്നും സിപിഎം ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ നീക്കം തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ്. ഇതു നടപ്പാക്കൽ ദുഷ്കരമാണെന്നും സിപിഎം പൊളിറ്റ്ബ്യൂറോ നിലപാടെടുത്തു.

സാമ്പത്തികസംവരണത്തെ പിന്തുണയ്ക്കുന്നുവെന്നതാണ് സിപിഎം പാർട്ടി കോൺഗ്രസിന്‍റെ പ്രഖ്യാപിത നിലപാട്. ആ നിലപാടിൽ സിപിഎം പിബി ഉറച്ചു നിൽക്കുന്നു. എന്നാൽ സംവരണ പരിധി നിശ്ചയിച്ചതിൽ അശാസ്ത്രീയതയുണ്ടെന്ന് സിപിഎം വ്യക്തമാക്കുന്നു. എട്ട് ലക്ഷത്തിൽത്താഴെ വാർഷികവരുമാനമുള്ള എല്ലാവർക്കും സാമ്പത്തിക സംവരണത്തിന് അർഹത നൽകുന്നത് യഥാർഥ പിന്നാക്കക്കാരെ തഴയുന്നതാണെന്നാണ് സിപിഎം പറയുന്നത്.

ഇപ്പോഴത്തെ സംവരണ ബില്ല് തൽസ്ഥിതിയിൽ അവതരിപ്പിക്കുകയോ പാസ്സാക്കുകയോ ചെയ്യരുതെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ബില്ല് പിൻവലിക്കണമെന്നും പിബി ആവശ്യപ്പെടുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള നിരവധി സിപിഎം നേതാക്കൾ ബില്ലിനെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു.

പിന്നാക്കവിഭാഗക്കാരുടെ സംവരണം വെട്ടിക്കുറക്കാതെയുള്ള സംവരണം സ്വാഗതാർഹമെന്നായിരുന്നു കേരളത്തിലെ സിപിഎം നേതാക്കളുടെ പ്രതികരണം. എന്നാൽ വി എസ് അച്യുതാനന്ദൻ ഇതിനെ എതിർത്ത് പ്രസ്താവനയിറക്കി. സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ ഭരണഘടനാ ഭേദഗതിക്കൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച സംസ്ഥാന സര്‍ക്കാരിന്‍റെയും, സിപിഎമ്മിന്‍റെയും നിലപാട് വിഎസ് തള്ളി.

രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ, മുന്നോക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് വി എസ്  പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭിക്കുക.