ഇന്ത്യൻ ടീമിൽ അഴിച്ചുപണി; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ന്യൂസീലന്‍ഡ് പര്യടനത്തിനുമുള്ള ടീമില്‍ ബുമ്ര ഇല്ല

single-img
8 January 2019

ടെസ്റ്റ് പരമ്പര നേട്ടത്തിലെ വിജയശിൽപികളിൽ പ്രധാനിയായ പേസ് ബോളർ ജസ്പ്രീത് ബുമ്രയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽനിന്നും അതിനുശേഷമുള്ള ന്യൂസീലൻഡ് പര്യടനത്തിൽനിന്നും സിലക്ടർമാർ വിശ്രമം അനുവദിച്ചു. ജോലിഭാരം പരിഗണിച്ചാണിത്. യുവതാരം മുഹമ്മദ് സിറാജാണ് പകരക്കാരൻ. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ സിദ്ധാർഥ് കൗളിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

രഞ്ജി ട്രോഫിയിലും ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഇന്ത്യ എ ടീമിന്റെ മത്സരത്തിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് ഹൈദരാബാദുകാരനായ സിറാജിന് ടീമിലേയ്ക്കുള്ള വഴി തുറന്നത്. ഈ രഞ്ജി സീസണില്‍ പഞ്ചാബിനെതിരെ ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

കേരളത്തിനും ഹൈദരാബാദിനുമെതിരായ രഞ്ജി ട്രോഫി മത്സരത്തിലെ മികച്ച പ്രകടനമാാണ് പഞ്ചാബുകാരനായ കൗളിന് തുണയായത്. മൊത്തം പത്ത് വിക്കറ്റാണ് ഈ മത്സരങ്ങളില്‍ കൗള്‍ സ്വന്തമാക്കിയത്. ന്യൂസീലന്‍ഡ് എ ടീമിനെതിരായ പ്രകടനത്തിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

2017ല്‍ ശ്രീലങ്കയ്‌ക്കെതരിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ആദ്യമായി ഇടം നേടിയത്. എന്നാല്‍, കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആകെ മൂന്ന് ഏകദിനങ്ങളും രണ്ട് ടിട്വന്റി മത്സരങ്ങളുമാണ് ഇതുവരെ കളിച്ചത്. ടിട്വന്റിയില്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി–മാർച്ച് മാസങ്ങളിൽ ഓസ്ട്രേലിയൻ ടീം ഇന്ത്യയിൽ പര്യടനത്തിനു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ബുമ്രയ്ക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കുന്നതിനാണ് ഇരു പരമ്പരകളിൽനിന്നും ഒഴിവാക്കുന്നതെന്ന് ബിസിസിഐ പത്രക്കുറിപ്പിൽ അറിയിച്ചു.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ ഓവറുകൾ ബോൾ ചെയ്ത പേസ് ബോളർ ബുമ്രയാണ്. നാലു ടെസ്റ്റുകളിലായി 157.1 ഓവറുകളാണ് ബുമ്ര എറിഞ്ഞുതീർത്തത്. പരമ്പരയിൽ ഇതിൽക്കൂടുതൽ ഓവറുകൾ ബോൾചെയ്ത ഏക താരം ഓസീസിന്റെ നേഥൻ ലയണാണ്. 242.1 ഓവറാണ് സ്പിന്നറായ ലയൺ ബോൾ ചെയ്തത്.

പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ പോക്കറ്റിലാക്കിയത് ലയണും ബുമ്രയുമാണെന്ന പ്രത്യേകതയുമുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ 2018ൽ ഏറ്റവും കൂടുതൽ ഓവറുകൾ ബോൾ ചെയ്ത താരങ്ങവും ഇവരാണ്. ലയൺ മൂന്നു ഫോർമാറ്റിലുമായി (ടെസ്റ്റ്, ഏകദിനം, ട്വന്റി20) 636.3 ഓവറാണ് കഴിഞ്ഞ വർഷം ബോൾ ചെയ്തത്. ബുമ്രയാകട്ടെ 511.3 ഓവറുകളും ആകെ ബോൾ ചെയ്തു. അതേസമയം, ഏറ്റവും കൂടുതൽ വിക്കറ്റുകൾ  സ്വന്തമാക്കിയ താരം ബുമ്രയാണ്. 78 വിക്കറ്റുകളാണ് കഴിഞ്ഞ വർഷം ആകെ ബുമ്ര പോക്കറ്റിലാക്കിയത്.