ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനു പിന്നിൽ രഹസ്യ അജൻഡ ഉണ്ടോയെന്ന് ഹൈക്കോടതി; ബിന്ദുവും കനകദുര്‍ഗ്ഗയും വിശ്വാസികളെന്ന് സർക്കാർ

single-img
8 January 2019

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനു പിന്നിൽ രഹസ്യ അജൻഡ ഉണ്ടോയെന്നു സർക്കാരിനോടു ഹൈക്കോടതി. യുവതികളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു സർക്കാർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കുമ്പോഴാണു ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിശദീകരണം തേടിയത്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇന്നലെ യുവതീ പ്രവേശന സാഹചര്യം ഉണ്ടായതിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ടാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്.

പോലീസിനും സര്‍ക്കാരിനും മറ്റ് സംഘടനകള്‍ക്കും പ്രകടനം നടത്താനുള്ള സ്ഥമല്ല ശബരിമലയെന്നും അത് വിശ്വാസികളുടെ ഇടമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബിന്ദുവും കനക ദുര്‍ഗ്ഗയും വിശ്വാസികളാണോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അതെയെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.

അതേസമയം മനിതി സംഘം സഞ്ചരിച്ച സ്വകാര്യ വാഹനം നിലയ്ക്കലിൽനിന്നു കടത്തിവിട്ട വിഷയത്തിൽ സർക്കാരിന്റെ റിപ്പോർട്ട് കോടതി അംഗീകരിച്ചില്ല. നിലയ്ക്കലിൽ ഇവരെ ഇറക്കി കെഎസ്ആർടിസി ബസിൽ അയയ്ക്കാൻ ശ്രമിച്ചാൽ ക്രമസമാധാന പ്രശ്നമുണ്ടാകും എന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നുവെന്ന വിശദീകരണത്തോടാണ് കോടതി എതിർപ്പു പ്രകടിപ്പിച്ചത്. അത് അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ കഴിവു കേടാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പൊലീസിന് അതു നേരിടാൻ ശേഷിയുണ്ടെന്നു സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.

നിലയ്ക്കലിൽനിന്ന് മനിതി സംഘവുമായി സ്വകാര്യ വാഹനം കടത്തി വിട്ടതിനെതിരെ കഴിഞ്ഞ ദിവസം ശബരിമല നിരീക്ഷക സമിതി കടുത്ത വിമർശന റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ഇതിനെ അതിശക്തമായി എതിർത്ത സർക്കാർ, നിരീക്ഷക സമിതി റിപ്പോർട്ട് നടപ്പാക്കിയാൽ അതു കടുത്ത കോടതി അലക്ഷ്യമാകുമെന്നു കഴിഞ്ഞ ദിവസം കോടതിയിൽ അറിയിച്ചിരുന്നു.