മോശം മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഗൂഗിളിന്റെ ഉത്തരം പിണറായി വിജയന്‍; പിന്നില്‍ സംഘപരിവാര്‍ ?

single-img
7 January 2019

‘മോശം മുഖ്യമന്ത്രിയാര് ?’ എന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ പിണറായി വിജയനെന്ന് ഗൂഗിളിന്റെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിക്കീപ്പീഡിയ പേജാണ് മറുപടിയായി ലഭിക്കുന്നത്. ഇതിനു പിന്നില്‍ സംഘപരിവാറാണെന്നാണ് ആരോപണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശബരിമല പ്രശ്‌നമുയര്‍ത്തി ബിജെപി നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി ഗൂഗിളിലുണ്ടായ അന്വേഷണങ്ങളാകാം ഇത്തരത്തിലൊരു ഉത്തരത്തിന് കാരണം.

സമാന ചോദ്യങ്ങളുമായോ ഉത്തരങ്ങളുമായോ ഉള്ള വെബ് പേജുകളിലേക്കുള്ള അന്വേഷണങ്ങളാണ് ഇത്തരത്തിലുള്ള ഉത്തരം ലഭിക്കാന്‍ ഇടയാക്കുന്നത്. ഗൂഗിള്‍ അല്‍ഗോരിതത്തിന്റെ പ്രത്യേകതകള്‍ കൊണ്ടാണ് ഇത്തരത്തില്‍ ഉത്തരങ്ങള്‍ കിട്ടുന്നതെന്ന് ഐടി വിദഗ്ദര്‍ പറയുന്നു.

ഇതിന് മുമ്പും ഇത്തരത്തില്‍ രസകരമായ ഉത്തരങ്ങളുമായി ഗൂഗിള്‍ രംഗത്തെത്തിയിരുന്നെന്ന് ‘ ദി വീക്ക്’ റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് ‘ഏറ്റവും വലിയ പത്ത് കുറ്റവാളികള്‍’ എന്ന് ഗൂഗിളില്‍ അന്വേഷിച്ചാല്‍ നരേന്ദ്രമോദിയിലാണ് എത്തുക. മുന്‍ ലിബിയന്‍ നേതാവ് മുഹമ്മദ് ഗദ്ദാഫി, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുടെ ചിത്രങ്ങളും ഇതുപോലെ ഗൂഗിളിന്റെ തെരഞ്ഞെടുപ്പിലുണ്ട്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിയാണെന്ന പ്രചാരണവുമായി മലയാളികള്‍ ക്യാമ്പെയിന്‍ ആരംഭിച്ചിട്ടുണ്ട്. ഗൂഗിളില്‍ എങ്ങനെ മികച്ച മുഖ്യമന്ത്രിയുടെ സ്ഥാനത്ത് പിണറായി വിജയന്റെ പേര് കൊണ്ടുവരാം എന്ന സ്റ്റെപ്പുകള്‍ വിവരിച്ചാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.