വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട; സംഘപരിവാറിന് മറ്റ് സംസ്ഥാനങ്ങളില്‍ കിട്ടുന്ന പരിഗണന ഇവിടെ കിട്ടില്ല: കേന്ദ്രത്തോട് മുഖ്യമന്ത്രി

single-img
7 January 2019

ബി.ജെ.പിയുടെ വിരട്ടല്‍ കേരളത്തോട് വേണ്ടെന്നും അതിന്റെ കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള ശേഷി ബി.ജെ.പിക്കില്ലെന്നാണ് അവരോട് പറയാനുള്ളതെന്നും പിണറായി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ നടത്തുന്ന ബി.ജെ.പിക്കാരെ അവിടത്തെ പൊലീസ് പിടികൂടുന്നില്ലായിരിക്കും.

എന്നാല്‍, കേരളത്തില്‍ അക്രമങ്ങള്‍ നടത്തുന്നവരെ പിടികൂടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനം തകര്‍ക്കാന്‍ രാജ്യം ഭരിക്കുന്ന കക്ഷിയുടെ നേതൃത്വത്തിലാണ് ശ്രമം നടക്കുന്നത്. 92 ശതമാനം അക്രമങ്ങളും സംഘ്പരിവാര്‍ സംഘടനകളാണ് അഴിച്ചുവിടുന്നത്.

അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കേരളത്തില്‍ ഭരണസ്തംഭനമില്ലെന്നും പിണറായി പറഞ്ഞു. കേരളത്തിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

ബിജെപി എം.പി നിഷികാന്ത് ദുബെയാണ് വിഷയം ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ തിരിച്ചടി. ബിജെപിക്ക് പിന്തുണയേറിവരുന്നതിലുള്ള അസഹിഷ്ണുതയാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ള രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ സമിതി അന്വേഷിക്കണമെന്നും നിഷികാന്ത് ദുബെ ആവശ്യപ്പെട്ടിരുന്നു.