പലതരം ജീവികളെ അനുകരിച്ച് ശത്രുക്കളെ പറ്റിക്കുന്ന ഒരു വിരുതന്‍ കടലിലുണ്ട്; മിമിക് ഒക്ടോപസ് 15 പേരെ അനുകരിക്കും: വീഡിയോ

single-img
7 January 2019

ജീവികള്‍ക്കിടയില്‍ ഒരു മിമിക്രി മത്സരം വെച്ചാല്‍ ആരായിരിക്കും വിജയി? മനുഷ്യന്റെ ശബ്ദം അതേപടി അനുകരിക്കുന്ന തത്തയും മാടത്തയും ഒക്കെയാണ് ഉത്തരമെങ്കില്‍ തെറ്റി. കടലില്‍ ജീവിക്കുന്ന മിമിക് ഒക്ടോപസ് എന്ന കുഞ്ഞന്‍ നീരാളി ആണ് ഈ താരം. പതിനഞ്ചില്‍ പരം ജീവികളുടെ രൂപവും ഭാവവും എല്ലാം അനുകരിച്ചാണ് ഈ വിരുതന്റെ മിമിക്രി.

വിവിധ ജീവികളുടെ രൂപഭാവങ്ങളും ചലിക്കുന്ന രീതിയും എന്തിനേറെ അവയുടെ നിറം വരെ അതേപടി പകര്‍ത്താന്‍ ഉള്ള കഴിവ് ഇവര്‍ക്കുണ്ട്. കടല്‍പ്പാമ്പ് ജെല്ലിഫിഷ് നക്ഷത്രമത്സ്യം ഞണ്ട് തുടങ്ങി മിമിക് ഒക്ടോപസ് അനുകരിക്കുന്ന ജീവികളുടെ പട്ടിക വലുതാണ്.

ഇവ വസിക്കുന്ന പ്രദേശത്ത് ശത്രുക്കള്‍ ഏതാണെന്ന് തിരിച്ചറിഞ്ഞ് അവയെ ആക്രമിക്കാന്‍ എത്തുന്ന ജീവികളുടെ രൂപത്തിലാണ് ഇവയുടെ പ്രകടനം. ഇതിന്റെ ഫലമായി മിമിക് ഒക്ടോപസിനെ ആക്രമിക്കാന്‍ എത്തുന്ന ജീവികള്‍ ഭയന്ന് ഓടും. ഇതിനുപുറമേ മറ്റൊരു സൂത്രം കൂടി മിമിക് ഒക്ടോപസിന് വശമുണ്ട്.

സ്വയരക്ഷയ്ക്ക് വേണ്ടിയും ഇരകളെ പിടിക്കാനും നിമിഷനേരംകൊണ്ട് മണ്ണ് തുരന്ന് മാളം ഉണ്ടാക്കി ഒളിച്ചിരിക്കാനും മിടുക്കരാണ് ഇവര്‍. ജന്തുലോകത്തെ ഇത്രയധികം രൂപങ്ങള്‍ സ്വീകരിച്ച് ശത്രുക്കളെ പറ്റിക്കുന്ന വിരുതന്മാര്‍ വേറെയില്ല എന്ന് തന്നെ പറയാം.