‘ഇത് ഒരു തുടക്കം മാത്രമാണ്; ഇനിയുമേറെ പ്രതീക്ഷിക്കാം; മുന്നോട്ടുള്ള പ്രയാണത്തിന് ഈ നേട്ടം കരുത്ത് പകരും’; കോഹ്ലി

single-img
7 January 2019

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയം തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിനേക്കാള്‍ വലിയ നേട്ടമാണിതെന്നും കോലി പറഞ്ഞു. ലോകക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഈ വിജയം.

ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഈ നേട്ടം കരുത്ത് പകരുമെന്ന് ക്യാപ്റ്റന്‍ വ്യക്തമാക്കി. ടീമെന്ന നിലയില്‍ ടീം ഇന്ത്യക്ക് ഈ വിജയം വേറിട്ട വ്യക്തിത്വം നല്‍കും. ഇത് ഒരു തുടക്കം മാത്രമാണ്. യുവതാരങ്ങള്‍ ഏറെയുള്ള ഈ ടീമില്‍ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം.

പ്രതിഭാധനരടങ്ങിയ ഈ ടീമിനെ നയിക്കാനായതില്‍ എനിക്ക് അഭിമാനമുണ്ട്. ടീമെന്ന നിലയില്‍ ഞങ്ങള്‍ സ്വയം വിശ്വസിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരുപാട് ദൂരം മുന്നോട്ട് നയിക്കാന്‍ കഴിവുള്ളവരുടേതാണ് ഈ ടീം. ഈ ടീമിനെ ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്നും കോലി പറഞ്ഞു.

പരമ്പര നേട്ടത്തില്‍ നിര്‍ണായ പങ്കുവഹിച്ച ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ തുടങ്ങിയവരെ പേരെടുത്ത് പ്രശംസിക്കാനും ക്യാപ്റ്റന്‍ മറന്നില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ സമീപകാലത്തെ മിന്നും പ്രകടനമാണ് കാഴ്ചവച്ചതെന്നും നായകന്‍ അഭിപ്രായപ്പെട്ടു.

2011ല്‍ ഇന്ത്യ ലോകകപ്പ് എടുത്തുയര്‍ത്തുമ്പോള്‍ താനായിരുന്നു ടീമിലെ ഏറ്റവും പ്രയംകുറഞ്ഞവരിലൊരാള്‍. തന്റെ ചുറ്റുമുള്ള മുതിര്‍ന്ന താരങ്ങള്‍ വികാരഭരിതരാവുന്നത് അന്ന് കണ്ടിരുന്നു പക്ഷേ, അത് മനസിലാക്കാന്‍ തനിക്കായിരുന്നില്ല. എന്നാല്‍ ഇന്ന് ഈ പരമ്പര നേട്ടത്തിലൂടെ തനിക്കത് മനസിലാക്കാന്‍ സാധിക്കുന്നുണ്ട് കോഹ്‌ലി പറഞ്ഞു.

നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ജയിച്ച് ഓസീസ് തിരിച്ചടിച്ചു. മൂന്നാം ടെസ്റ്റില്‍ ജയവുമായി പരമ്പരയില്‍ മുന്നിലെത്തിയ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വ്യക്തമായ ആധിപത്യം നേടിയിട്ടും മഴ കാരണം ഇന്ത്യക്ക് വിജയം നേടാനായില്ല.