ഒരു വര്‍ഷം 97 ഹര്‍ത്താലോ ?; അവിശ്വസനീയമെന്ന് ഹൈക്കോടതി: ജനവികാരം കാണുന്നില്ലേയെന്ന് സര്‍ക്കാരിനോട് കോടതി

single-img
7 January 2019

കൊച്ചി: ഹര്‍ത്താല്‍ അതീവഗുരുതര പ്രശ്‌നമാണെന്ന് ഹൈക്കോടതി. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ കേരളത്തില്‍ പലയിടങ്ങളിലായി നടന്നു എന്ന് വിശ്വസിക്കാന്‍ തന്നെ കഴിയുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം.

തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുത്തേ മതിയാകൂ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വാക്കാല്‍ പരാമര്‍ശം നടത്തി. ഹൈക്കോടതിയുടെയും സുപ്രീംകോടതിയും ഇത്തരത്തിലുള്ള ജനവിരുദ്ധ സമരങ്ങള്‍ക്കെതിരെ പല ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുള്ളതാണ്.

പക്ഷേ അവയൊന്നും കാര്യമായ പരിഹാരമുണ്ടാക്കിയില്ല. ഈ സാഹചര്യത്തില്‍ ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ എന്ത് നിലപാടെടുത്തു എന്ന് വിശദീകരിക്കണം. വ്യാപാരികള്‍ അടക്കം ഉന്നയിച്ച പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ്. അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു.

സര്‍ക്കാര്‍ നടപടികൊണ്ട് പരിഹാരമാകുമോ. സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന വിഷയം കൂടിയാണിത്. ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടായിരിക്കുന്നത്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേ എന്നും കോടതി ചോദിച്ചു.

ഹര്‍ത്താല്‍ ഇന്നൊരു തമാശയായി മാറിക്കഴിഞ്ഞു. എന്ത് നടപടികളാണ് ഇതിനെതിരെ സ്വീകരിക്കുന്നതെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് 7 ദിവസത്തെ നോട്ടീസ് നല്‍കുന്നതിനെക്കുറിച്ച് നിയമം കൊണ്ടുവരുന്നത് ആലോചിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ നിലപാടറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഹര്‍ത്താലിനെ നേരിടാന്‍ സമഗ്രപദ്ധതി തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നാളത്തെ ഹര്‍ത്താലിനെ നേരിടാന്‍ എന്തൊക്കെ നടപടികളെടുത്തിട്ടുണ്ടെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. എല്ലാ ജില്ലാകളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ആവശ്യമുള്ള എല്ലാ കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.