ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ

single-img
7 January 2019

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. മഴ കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതിനാല്‍ സിഡ്‌നി ടെസ്റ്റ് മല്‍സരം സമനിലയില്‍ അവസാനിച്ചു. നാലു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കി. മൂന്നു സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര പരമ്പരയിലെ താരമായി.

ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് നാലാം ദിവസം വെളിച്ചക്കുറവു മൂലം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെന്ന നിലയിലായിരുന്നു. നാലാം ദിനം വെറും 25.2 ഓവറുകള്‍ മാത്രമാണ് കളി നടന്നത്. അതേസമയം 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്.

1988ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നതിനു പിന്നാലെ മുപ്പതു വര്‍ഷക്കാലത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ ചെയ്തിട്ടില്ല. നേരത്തെ മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും വിരാട് കോലി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ ഓസീസിനെ 300 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 322 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ കുല്‍ദീപ് യാദവാണ് ഓസീസിനെ തകര്‍ത്തത്. സ്‌കോര്‍: ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 ഡിക്ലയേഡ്. ഓസ്‌ട്രേലിയ 300, വിക്കറ്റ് നഷ്ടപ്പെടാതെ ആറ്.