സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചു; ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

single-img
7 January 2019

സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ത്താലിന് ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കുന്നതാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഏറ്റെടുക്കണമെന്നും നഷ്ടപരിഹാര തുക അവരില്‍ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

ഹര്‍ത്താലുകള്‍ ജനജീവിതത്തെ ബാധിക്കില്ല എന്ന് ഉറപ്പുവരുത്തണം. ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മതിയായ നിയമം ഇല്ലാത്തതിനാലാണ് ഹര്‍ത്താലുകള്‍ തുടര്‍ക്കഥയാകുന്നത്. കോടതികള്‍ക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഹര്‍ത്താലിനെ തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങള്‍ ഭരണഘടനാവിരുദ്ധമെന്ന് രാവിലെ ഹൈകോടതി നിരീക്ഷിച്ചിരുന്നു. ഗൗരവമേറിയ വിഷയമാണിത്. അക്രമങ്ങള്‍ തടയാന്‍ സമഗ്രമായ പദ്ധതി വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് തേടുകയും ചെയ്തു.

സ്ഥിരമായി അക്രമം നടക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഹര്‍ത്താലിനെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലേ? മറ്റുള്ളവരെ അതില്‍ നിര്‍ബന്ധിച്ച് പങ്കുചേര്‍ക്കരുത്.

ഹര്‍ത്താലുകള്‍ വെറും തമാശയാകുന്നു. ഇക്കാരണത്താല്‍ ഓഫിസുകളുടേയും സ്‌കൂളുകളുടേയും പ്രവര്‍ത്തി ദിനങ്ങള്‍ കുറയുന്നു. നാളത്തെ പണിമുടക്കില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എന്തു നടപടി സ്വീകരിച്ചു, വിഷയത്തില്‍ എന്തുകൊണ്ട് നിയമ നിര്‍മാണം നടത്തുന്നില്ലെന്നും കോടതി ചോദിച്ചു.

ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഡോ. ബിജു രമേശാണ് ഹൈകോടതിയെ സമീപിച്ചത്. അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താല്‍ കേരളത്തിന്റെ വ്യവസായ വ്യാപാര മേഖലക്ക് കനത്ത നഷ്ടം വരുത്തിവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.