കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ‘ഹര്‍ത്താല്‍’ ആശങ്ക

single-img
7 January 2019

തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയപണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധജനവിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറുമെന്ന ആശങ്ക ശക്തമാണ്. പണിമുടക്കില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് തൊഴിലാളി സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും എത്രമാത്രം നടപ്പാകുമെന്നാണ് ആശങ്ക.

ആദ്യ ദിവസം പണിമുടക്കില്‍ പങ്കെടുക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ എല്ലാ പ്രധാന റെയില്‍വേസ്റ്റേഷനിലും പിക്കറ്റിങ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവണ്ടിയാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍, ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുക്കുന്നതായി നേതാക്കള്‍ അറിയിച്ചു.

ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന ജി.എസ്.ടി. ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരേ വ്യാപാരികളും കടകളടച്ച് സഹകരിക്കണമെന്ന് സമിതി അഭ്യര്‍ഥിച്ചു. പത്രം, പാല്‍ വിതരണം, ആശുപത്രികള്‍, ടൂറിസം മേഖലകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടണ്ട്.

സാധാരണദിനങ്ങളെ പോലെ സ്വകാര്യവാഹനങ്ങള്‍ റോഡിലിറക്കുന്നതിന് തടസമില്ല. പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ വാഹനങ്ങള്‍ തടയില്ല. കടകള്‍ തുറക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെയും തടയില്ലെന്ന് എളമരം കരീം വ്യക്തമാക്കി. ടൂറിസ മേഖലയിലെ ഹോട്ടലുകളെയും അവിടുത്തെ ജീവനക്കാരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു.

അധ്യാപകര്‍ പണിമുടക്കുന്നതിനാല്‍ സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കില്ല. ബാങ്ക് ജീവനക്കാരും പെട്രോള്‍ പമ്പ് ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഈ മേഖലകള്‍ സ്തംഭിക്കും. ചെറുകിട വ്യാപാരികളും തെരുവ് കച്ചവടക്കാരും പണിമുടക്കുന്നുണ്ട്.

ടാക്‌സി ജീവനക്കാര്‍ പണിമുടക്കുന്നുണ്ടെങ്കിലും വിവാഹ ആവശ്യത്തിന് അവര്‍ സര്‍വീസ് നടത്തും. ഹര്‍ത്താല്‍ ദിനത്തിലെ പോലെ റോഡുകളില്‍ ഇറങ്ങുന്നതിന് ജനങ്ങള്‍ക്ക് ഭീതി വേണ്ടെന്നും എന്നാല്‍ എല്ലാ തൊഴിലാളികളും പണിമുടക്കിനോട് സഹകരിക്കണമെന്നുമാണ് ട്രേഡ് യൂണിയനുകളുടെ അഭ്യര്‍ഥന.