പേരാമ്പ്രയിലെ മുസ്‌ലിം പള്ളിക്ക് നേരേയുണ്ടായ കല്ലേറില്‍ പൊലീസിനെതിരെ ഇപി ജയരാജന്‍; പോലീസ് തയ്യാറാക്കിയ എഫ്‌ഐആര്‍ ആര്‍എസ്എസ് പ്രേരണയാലെന്ന് മന്ത്രി

single-img
7 January 2019

പേരാമ്പ്രയിലെ മുസ്‌ലിം പള്ളിക്ക് നേരെയുണ്ടായ കല്ലേറില്‍ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിനെതിരെ മന്ത്രി ഇ.പി.ജയരാജന്‍ രംഗത്ത്. അവിടെ ആര്‍എസ്എസുകാരാണ് പള്ളിക്ക് നേരെ കല്ലെറിഞ്ഞത്. ആര്‍എസ്എസ് ക്യാംപുമായി ബന്ധപ്പെട്ട ചില പൊലീസുകാര്‍ അവിടെയുണ്ട്.

അവര്‍ എഴുതി ചേര്‍ത്തതാണ് എഫ്‌ഐആര്‍. പൊലീസ് സംഗതികളെ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും ആര്‍എസ്എസ് പ്രേരണയാണ് എഫ്‌ഐആറിന് പിന്നിലെന്നും ഇപി ജയരാജന്‍ ആരോപിച്ചു. സംഭവം ബോധപൂര്‍വം തെറ്റായി വഴിതിരിച്ചുവിടാന്‍ ശ്രമം നടന്നിട്ടുണ്ട്. സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കും.

പേരാമ്പ്ര പള്ളി ഒരു കാരണവശാലും ആക്രമിക്കപ്പെടാന്‍ പാടില്ല. അതിനെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കോഴിക്കോട് പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അതുല്‍ ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കല്ലേറ് നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പമുള്ളവരും ശ്രമിച്ചത് മതസ്പര്‍ധ വളര്‍ത്താനാണ് എന്നായിരുന്നു എഫ്‌ഐആര്‍. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലഹള ആയിരുന്നു ലക്ഷ്യമെന്നും എഫ്‌ഐആറിലുണ്ട്. പൊലീസിനെതിരെ നേരത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റും പ്രസ്താവന ഇറക്കിയിരുന്നു