മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സാമ്പത്തിക സംവരണം; നോട്ട് നിരോധനത്തിന് ശേഷം നിര്‍ണായക തീരുമാനവുമായി മോദി സര്‍ക്കാര്‍

single-img
7 January 2019

പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മുന്നോക്കവിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കാണ് സംവരണത്തിന് യോഗ്യത. എട്ട് ലക്ഷം രൂപയ്ക്കു താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും.

ഏറെ കാലമായി ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്കവോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ നീക്കം. നിലവില്‍ ഒബിസി, പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്.

സര്‍ക്കാര്‍ ജോലികളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ നാളെ തന്നെ സംവരണബില്ല് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും എന്നാണ് സൂചന.

രാജ്യത്തെ സവര്‍ണസമുദായങ്ങള്‍ എല്ലാം തന്നെ സാമ്പത്തിക സംവരണത്തെ അംഗീകരിക്കും എന്നുറപ്പായതിനാല്‍ നിര്‍ണായക രാഷ്ട്രീയസാമുദായിക പ്രതിസന്ധിയാവും രാഷ്ട്രീയ കക്ഷികള്‍ക്ക് നേരിടേണ്ടി വരിക. ഒബിസി ന്യൂനപക്ഷ ദളിത് ആഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സംവരണ നീക്കത്തെ എതിര്‍ത്ത് മുന്നോട്ട് വരുമെന്നുറപ്പാണ്. തീരുമാനത്തിനെതിരെ കോടതിയില്‍ നിയമപോരാട്ടങ്ങളും നടന്നേക്കാം.

കേരളത്തില്‍ എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന വിഷയമാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്നത്. രാജ്യസഭയില്‍ ബില്‍ പാസാകാനുള്ള സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാല്‍ അടുത്ത തവണ അധികാരത്തിലെത്തിയാല്‍ സാമ്പത്തിക സംവരണം എന്ന വാഗ്ദാനവുമായിട്ടായിരിക്കും മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിടുക.