‘സുകുമാരന്‍ നായരുടേത് കലാപാഹ്വാനം’; എന്‍എസ്എസിനെതിരെ തിരിച്ചടിച്ച് സര്‍ക്കാരും എല്‍ഡിഎഫും

single-img
6 January 2019

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരെ എല്‍ഡിഎഫ്. സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്കും കലാപത്തിനും മുഴുവന്‍ കാരണം സര്‍ക്കാരാണെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വാദമാണ് എല്‍ഡിഎഫ് നേതാക്കളെ ചൊടിപ്പിച്ചത്. മന്ത്രിമാരായ ഇപി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരാണ് സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്തെത്തിയത്.

എന്‍എസ്എസ് നിലപാട് കലാപ ആഹ്വാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുറന്നടിച്ചു. സംഘര്‍ഷത്തിനു ഉത്തരവാദി ആരെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കറിയാം. വിശ്വാസവും ഭരണഘടനയും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.

വളരെ വലിയ നവോത്ഥാന പാരമ്പര്യമുള്ള പ്രസ്ഥാനമാണ് എന്‍എസ്എസ്. മതത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയും അരാജകത്വം ഉണ്ടാക്കുകയും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് അധികാരത്തില്‍ എത്താന്‍ വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന ബിജെപിക്കും ആര്‍എസ്എസിനും പിന്തുണ നല്‍കുന്ന ഒരു സമീപനവും എന്‍എസ്എസ് സ്വീകരിക്കാന്‍ പാടില്ലെന്നും കടകംപള്ളി പറഞ്ഞു.

അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് എന്‍എസ്എസ് പോകുന്നതെന്നായിരുന്നു മന്ത്രി ഇ.പി.ജയരാജന്റെ പ്രസ്താവന. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ എന്‍എസ്എസ് നടത്തിയ പ്രസ്താവന നിലവാരമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിശ്വാസികളുടെ പേരില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ സഹായിക്കാനുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എന്‍എസ്എസ് സമദൂരത്തോടെയല്ല കാര്യങ്ങള്‍ കാണുന്നത്. സമൂഹത്തെ വിശ്വാസത്തിന്റെ പേരില്‍ വിഭജിച്ച് ഇടതുപക്ഷത്തെ എതിര്‍ക്കുന്നു. എന്‍എസ്എസിന്റെ ശ്രമം നടക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടന്നുവരുന്നതെന്നും കലാപത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നുമായിരുന്നു എന്‍എസ്എസിന്റെ പ്രസ്താവന.